bus
അപകടത്തിൽപ്പെട്ട ബസ്

പാലക്കാട്: നിയന്ത്രണംവിട്ട സ്വകാര്യ ബസ് റോഡരികിലെ ജുവലറിയിലേക്ക് ഇടിച്ചുകയറി. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻദുരന്തം. ആർക്കും പരിക്കില്ല. ടൗൺ സ്റ്റാന്റ് ഇറക്കത്തിൽ ഇന്നലെ രാവിലെ 9.45നാണ് അപകടം. പാലക്കാട് നിന്ന് മലമ്പുഴയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണം.

സ്റ്റാന്റിൽ നിന്നിറങ്ങിയ ബസ് ബ്രേക്ക് കിട്ടാതായതോടെ ആളില്ലാത്ത ഭാഗത്ത് തുറന്നിട്ടില്ലാത്ത കടയുടെ മുന്നിലേക്ക് ഇടിച്ച് നിറുത്തുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. സ്റ്റാന്റിൽ നിന്നിറങ്ങിയ ഉടനെയായതിനാൽ വേഗത കുറവായിരുന്നു. ബസിടിച്ച് ജുവലറിയുടെ ബോർഡിന് കേടുപറ്റി. യാത്രക്കാരെ ഇറക്കിയ ശേഷം പത്തരയോടെ ബസ് ഇവിടെ നിന്ന് മാറ്റി.

ബി.ഒ.സി റോഡ് തുടങ്ങുന്ന ഭാഗത്ത് കൽവർട്ട് നിർമ്മാണത്തിനായി റോഡ് പാതിപൊളിച്ചിട്ടതിനാൽ ടി.ബി റോഡിൽ ഓഫീസ് സമയങ്ങളിൽ ഗതാഗത കരുക്ക് പതിവാണ്. ഇതിനിടയിൽ ബസപകടം കൂടിയായതോടെ വാഹനങ്ങളുടെ നിര മിഷൻ സ്കൂളും കഴിഞ്ഞ് നീണ്ടു.

നേരത്തെയും സമാനമായ രീതിയിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. ടൗൺ സ്റ്റാന്റിൽ നിന്നിറങ്ങിവന്ന ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചിരുന്നു. അന്ന് ബസ് വൈദ്യുതി ഭവന് എതിർ വശത്തുള്ള റോഡരികിലെ ചാലിലിറങ്ങിയാണ് നിന്നത്. തുടർന്നാണ് ഇവിടെ മൂന്ന് ഹമ്പുകൾ സ്ഥാപിച്ചത്. ഹമ്പുകൾക്ക് മുകളിലെ വര മാഞ്ഞതോടെ ബൈക്കപകടങ്ങൾ പതിവായിട്ടുണ്ട്.