road
പാലക്കാട് ജി.ബി റോഡിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാത

പാലക്കാട്: ഇത്തിരി സാഹസികത വശമല്ലാത്തവർ വെറുതേ ജി.ബി റോഡിലെ നടപ്പാതകളിലും ഓടകൾക്ക് മുകളിലെ സ്ളാബുകൾക്ക് മുകളിലും നടക്കാൻ വെറുതെ മിനക്കെട്ട് പണി വാങ്ങിക്കൂട്ടരുത്. നഗരത്തിലെ മിക്ക നടപ്പാതകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെങ്കിലും ജി.ബി റോഡിലാണ് അപകടത്തിന്റെ യമണ്ടൻ അപാരത പതിയിരിക്കുന്നത്.

ജോബീസ് മാൾ കഴിഞ്ഞാൽ തുടങ്ങും ദുരിതം. പലരും നടപ്പാതയെ പേടിച്ച് റോഡിലിറങ്ങി നടക്കുകയാണ് പതിവ്. സ്ലാബുകളും ടൈലുകളും പൊട്ടി ചിതറിയും കൂനയായും കിടക്കുന്നത് തെന്നിവീഴാനിടയാക്കും. ചിലയിടങ്ങളിൽ ഒന്നിടവിട്ട് സ്ലാബുകൾ തീരെയില്ല. ശ്രദ്ധിക്കാതെ നടന്നാൽ കാൽ മാത്രമല്ല ആളുതന്നെ ഓടയിൽ വീഴാനും സാദ്ധ്യതയുണ്ട്. പ്രായമായവരും കുട്ടികളും ലക്കും ലഗാനുമില്ലാത്ത വാഹനത്തിരക്കിനിടയിൽ ഭയത്തോടെയാണ് റോഡിലൂടെ നടക്കുന്നത്. ഇതിന് എന്ന് പരിഹാരം കാണുമെന്ന് യാത്രക്കാർ ചോദിക്കുമ്പോഴും അധികൃതർ കണ്ട ഭാവമില്ല.

ജി.ബി റോഡ് ഉൾപ്പെടെ വിക്ടോറിയ മുതൽ സുൽത്താൻപേട്ട ജംഗ്ഷൻ, സുൽത്താൻപേട്ട മുതൽ സ്റ്റേഡിയം വരെയുള്ള നടപ്പാത നവീകരണം ജനുവരിയിൽ ആരംഭിക്കും. നിലവിൽ കോർട്ട് റോഡിലാണ് പ്രവർത്തനം നടക്കുന്നത്. എല്ലായിടത്തും നവീകരണം ഒരുമിച്ച് തുടങ്ങിയാൽ ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകും. അതുകൊണ്ട് ഘട്ടംഘട്ടമായാണ് പ്രവൃത്തി.

-എ.ഇ, നഗരസഭ,​ പാലക്കാട്