walayar-madhu

പാലക്കാട്: വാളയാർക്കേസിൽ കോടതി വെറുതേവിട്ട പ്രതിയെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.

മൂന്നാം പ്രതിയായിരുന്ന എം. മധുവിനെ (29, കുട്ടി മധു) മർദ്ദിച്ച കേസിലാണ് അട്ടപ്പള്ളം സ്വദേശികളായ കൃഷ്ണപ്രസാദ്, മനു, ബിനു എന്നിവരെ വാളയാർ പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 11.30ന് അട്ടപ്പള്ളം ജംഗ്ഷന് സമീപമാണ് മധുവിന് പതിനഞ്ചംഗ സംഘത്തിന്റെ മർദ്ദനമേറ്റത്.

സുഹൃത്തിനൊപ്പം ടൗണിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ച സംഘം വടിയുപയോഗിച്ച് മധുവിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ് വഴിയിൽക്കിടന്ന മധുവിനെ പൊലീസാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രതികളെ വെറുതേവിട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് മർദ്ദിച്ചതെന്ന് അറസ്റ്റിലായവർ സമ്മതിച്ചതായും വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ബി.ജെ.പി പ്രവർത്തകരാണ് മകനെ ആക്രമിച്ചതെന്ന് മധുവിന്റെ അമ്മ ആരോപിച്ചു.

വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച കേസിൽ മധു ഉൾപ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.