പാലക്കാട്: വേനൽ ആരംഭിച്ചാൽ വനമേഖലകളിൽ തീപിടിത്തം ഉണ്ടാകുന്നത് പതിവാണ്. വനവത്കരണത്തെ സംബന്ധിച്ച് വിപുലമായ ബോധവത്കരണ പരിപാടികൾ നടക്കുമ്പോഴും സംസ്ഥാനത്ത് വനനശീകരണം വർദ്ധിക്കുന്നതായി റിപ്പോർട്ട്.
വേനൽ ആരംഭിക്കും മുമ്പേ ജില്ലയിൽ ഈ വർഷം പാലക്കാട് ഡിവിഷനിൽ മാത്രം ഇതുവരെ 65.33 ഹെക്ടർ വനമാണ് കാട്ടുതീയിൽ കത്തിയമർന്നത്. കൂടുതൽ കേസുകൾ അനങ്ങമല വനമേഖലയിലാണ്. പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകൾ ഉൾപ്പെടുന്നതാണ് പാലക്കാട് ഡിവിഷൻ. വർഷം തോറും ഇത്തരത്തിൽ ഒാരോ ഡിവിഷനുകളിലും വനമേഖല നഷ്ടമാകുന്നത് രൂക്ഷമായ വരൾച്ചയിലേക്കാണ് ജില്ലയെ എത്തിക്കുക.
നിലവിൽ ജില്ലയിലെ ഉയർന്ന താപനില 34 ഡിഗ്രിയാണ്. കുറഞ്ഞത് 25ഉം. കഴിഞ്ഞ നാല് ദിവസമായി ജില്ലയിലെ താപനിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വരുംദിവസങ്ങളിൽ ചൂട് കൂടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ട്.
ഓരോ തീപിടിത്തവും കാടിന്റെ ആവാസ വ്യവസ്ഥയെ തകിടംമറിക്കും. ഇതോടൊപ്പം വനമേഖലകളിലെ നീരുറവകൾ വറ്റി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും പതിവാകും. ഇത് നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.
വേണം മുൻകരുതൽ
കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ജനങ്ങളുടെ അശ്രദ്ധയുമാണ് കാട്ടുതീയുണ്ടാവാൻ കാരണം. ഉണക്ക പുല്ലിലും മരത്തിലും ചെറിയ തീപൊരി വീണാൽമതി വൻതീപിടിത്തം ഉണ്ടാകാൻ. ഇങ്ങനെ നശിക്കുന്നവയിൽ ഏറെയും അടികാടുകളും കുറ്റികാടുകളുമാണ്. കാട്ടുതീ തടയുന്നതിനായി പാലക്കാട്, അട്ടപ്പാടി, നെന്മാറ, വാളയാർ, മണ്ണാർക്കാട്, ഒറ്റപ്പാലം, കൊല്ലങ്കോട് തുടങ്ങിയ വനപ്രദേശങ്ങളിലെല്ലാം ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്.
ഡിവിഷണൽ ഫോറസ്റ്റ് ഒാഫീസ്, പാലക്കാട്
ജില്ലയിലെ ആകെ വനമേഖല - 1050.17 സ്‌ക്വയർ കിലോമീറ്റർ
പാലക്കാട് ഡിവിഷനിലെ വനമേഖല - 263.41സ്‌ക്വയർ കിലോമീറ്റർ