അഗളി: അട്ടപ്പാടിയിൽ ആദിവാസികളുടെ പരമ്പരാഗത വനവിഭവങ്ങൾ ശേഖരിക്കൽ പ്രതിസന്ധിയിൽ. മേഖലയിലെ പട്ടികവർഗ സഹകരണ സംഘങ്ങൾക്ക് പുതുക്കി നൽകിയ വനവിഭവ ശേഖരണ റേഞ്ചിലെ അപാകതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ആദിവാസി വിഭാഗങ്ങളുടെ മുഖ്യവരുമാന മാർഗമാണ് വനത്തിൽ നിന്നും തേൻ, ആയുർവ്വേദ മരുന്നുകൾ തുടങ്ങിയ ചെറുകിട വനവിഭവങ്ങളുടെ ശേഖരണം. വനവകാശ നിയമപ്രകാരം വനംവകുപ്പ് അതിന് പ്രത്യേക അനുമതിയും നൽകുന്നുണ്ട്. കേരളത്തിൽ ഇരുപതോളം പട്ടികവർഗ സഹകരണ സംഘങ്ങൾ ആദിവാസികൾ വനമേഖലയിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന വനഉത്പന്നങ്ങൾ വാങ്ങുന്നുണ്ട്. ഓരോ വർഷവും സർക്കാർ ഇതിനായുള്ള അനുമതി പുതുക്കി നൽകുകയാണ് പതിവ്.


പുതുക്കി നൽകിയ അനുമതിയിൽ അട്ടപ്പാടിയിൽ നിലവിൽ പ്രവർത്തിക്കുന്ന പട്ടികവർഗ സഹകരണ സംഘങ്ങളുടെ ഏരിയ മാറിയതോടെയാണ് മേഖലയിൽ ശേഖരണം പ്രതിസന്ധിയിലായത്. നിലവിൽ മൂന്ന് പട്ടികവർഗ സഹകരണ സംഘങ്ങളാണ് ആദിവാസികൾ വഴി വനവിഭവ ശേഖരണം നടത്തുന്നത്. ചിണ്ടക്കിയിലെ കുറുംബ പട്ടികവർഗ സഹകരണ സംഘം, ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ പട്ടികവർഗ സഹകരണം, ഷോളയൂർ പട്ടികവർഗ സഹകരണ സംഘം എന്നിവ.


ഷോളയൂർ സഹകരണ സംഘത്തിന് മണ്ണാർക്കാട് മേഖല, കോട്ടത്തറ സംഘത്തിന് കുറുംബമേഖലയായ പുതൂർ പഞ്ചായത്ത്, കുറുംബ സഹകരണ സംഘത്തിന് ഭവാനി റേഞ്ചുമാണ് നിലവിലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ളത്. ഭവാനി റേഞ്ച് സൈലന്റുവാലിയുടെ കരുതൽ മേഖലയാണ്. ഇവിടെ നിന്നും വനവിഭവങ്ങൾ ശേഖരിക്കുന്നതിന് നിരോധനമുണ്ട്.


വനംവകുപ്പിന്റെ നോഡൽ ഏജൻസിയായ ഫെഡറേഷന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വനമവകുപ്പ് വർഷന്തോറും സംഘങ്ങൾക്ക് റേഞ്ച് അനുവദിച്ചു നൽകുന്നത്. ഫെഡറേഷൻ നൽകിയ അപേക്ഷയിലെ പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ ഇന്ന് ആനവായ് സന്ദർശിക്കുന്ന മന്ത്രി തിലോത്തമന് നിവേദനം നൽകുവാനുള്ള ഒരുക്കത്തിലാണ് ഗോത്രവർഗക്കാർ.