പാലക്കാട്: അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങളിലുള്ള ആദിവാസി ഊരുകളിലേക്ക് റേഷൻ എത്തിക്കുക എന്നലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി പി.തിലോത്തമൻ നിർവഹിക്കും. ആനവായ് ആദിവാസി കോളനിയിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാവും.

അട്ടപ്പാടിയിലെ വിവിധ ഭരുകളിലായി 120 ഓളം കുടുംബങ്ങൾക്ക് 20 കിലോമീറ്ററിലധികം വനപ്രദേശത്തുകൂടെ സഞ്ചരിച്ചുവേണം റേഷൻകടയിലെത്താൻ. ഇതൊഴിവാക്കാനാണ് കൃത്യമായ സമയങ്ങളിൽ റേഷൻ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് സർക്കാർ തുടക്കമിടുന്നത്.

വി.കെ. ശ്രീകണ്ഠൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കളക്ടർ ഡി. ബാലമുരളി എന്നിവർ മുഖ്യാതിഥികളാകുന്ന പരിപാടിയിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഭക്ഷ്യധാന്യ വിതരണോദ്ഘാടനം നിർവഹിക്കും. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യൻ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ, ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത് കുമാർ, ആനവായ് ഊരു മൂപ്പൻ കക്കി മൂപ്പൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

 ആദ്യഘട്ടത്തിൽ

പുതൂർ പഞ്ചായത്തിലെ ആനവായ് മേഖലയിലുള്ള മേലെ ആനവായ്, താഴെ ആനവായ്, ഗലസി, കടുക് മണ്ണ, മുരുകള, പാലപ്പട, കിണറ്റുകര, മേലെ തൊഡുക്കി , താഴെ തൊഡുക്കി, തുടങ്ങിയ ഊരുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

 പ്രവർത്തനം ഇങ്ങനെ

 വനംവകുപ്പിന് കീഴിലുള്ള വനം വികസന ഏജൻസി മുഖേന ലഭ്യമാക്കുന്ന വാഹനങ്ങളിൽ മാസത്തിൽ മൂന്നുതവണയാണ് പ്രദേശങ്ങളിലേക്ക് റേഷൻ എത്തിക്കുക.

 ആദിവാസി പ്രമോട്ടർമാർ മഖേന റേഷൻ നൽകുന്ന ദിവസങ്ങൾ ഊരുകളിൽ അറിയിക്കുകയും താഴെ ആനവായ്, താഴെ ഭൂതയാർ എന്നിവടങ്ങളിൽ റേഷൻ എത്തിച്ച് അവിടെ നിന്നുമായിരിക്കും മറ്റു ഊരുകളിലേക്ക് വിതരണം ചെയ്യുക.

 ഈപോസ് മെഷീൻ ഉപയോഗിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾമൂലം പുസ്തകങ്ങളിൽ എഴുതിയായിരിക്കും കണക്കുകൾ സൂക്ഷിക്കുക.

 മുൻഗണനാ വിഭാഗത്തിൽ പെടുന്നവർക്ക് സൗജന്യറേഷൻ ലഭിക്കും.