പാലക്കാട്: ജില്ലയിലെ അംഗൺവാടികളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ, ജില്ലാ വനിത ശിശു വികസന ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ 20ന് മുമ്പ് പ്രത്യേക കാമ്പെയിൻ പ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
കാമ്പെയിന്റെ ഭാഗമായി ഐ.സി.ഡി.എസ് സൂപ്പർ വൈസർമാർ, സി.ഡി.പി.ഒ പ്രോഗ്രാം ഓഫീസർമാർ എന്നിവർ തങ്ങളുടെ അധികാര പരിധിയിലുള്ള അംഗൺവാടികളിൽ സന്ദർശനം നടത്തുകയും വെയർഫെയർ കമ്മിറ്റിയുടെ സേവനം ഉപയോഗപ്പെടുത്തി പരിസരത്തുള്ള കാടും പടർപ്പും വെട്ടിത്തെളിക്കുന്നതിനും കെട്ടിടത്തിനുള്ളിലേയും ടോയ്‌ലെറ്റിലെയും മാളങ്ങളും വിടവുകളും മണലും സിമന്റും ഉപയോഗിച്ച് അടച്ച് സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019 - 20 വാർഷിക പദ്ധതി ഭേദഗതി പ്രൊജക്ടുകൾക്കും യോഗത്തിൽ അംഗീകാരം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷയായി. ജില്ലാതല ഉദ്യോഗസ്ഥർ, നിർവഹണോദ്യോഗസ്ഥർ പങ്കെടുത്തു.