പാലക്കാട്: സമ്പൂർണ ഭക്ഷ്യസുരക്ഷ പദവിയിലേക്ക് എത്തുന്നതിനായി കണ്ണമ്പ്ര പഞ്ചായത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് വനിതാ ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വനജകുമാരി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്വാമിനാഥൻ അധ്യക്ഷനായി.
പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണവിതരണ കേന്ദ്രങ്ങളിലും അംഗൺവാടികളിലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തു. മികച്ചതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ ആളുകൾക്ക് എത്തിക്കുകയാണ് ലക്ഷ്യം. കടകളിലും മറ്റും ഫുഡ് സപ്ലൈ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രമേ വിതരണം അനുവദിക്കുകയുള്ളൂയെന്നും വൈസ് പ്രസിഡന്റ് എ.വനജകുമാരി പറഞ്ഞു. ചുരുങ്ങിയ കാലയളവിൽ തന്നെ പുളിങ്കൂട്ടം, മന്നത്തുപറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ആരോഗ്യവകുപ്പിനോടൊപ്പം ഗ്രാമപഞ്ചായത്തും ഇടപെട്ട് ശുചീകരണം ഉറപ്പുവരുത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും എ. വനജകുമാരി അഭിപ്രായപ്പെട്ടു.
തുടർന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ പി.വി.ആസാദ്, എം.അശ്വതി എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടന്നു. ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ഓഫീസർ മറുപടിയും നൽകി.
ചിറ്റൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ രാജി, പഞ്ചായത്ത് ചെയർപേഴ്‌സൺ ജോഷി ഗംഗാധരൻ, വാർഡ് മെമ്പർമാരായ അബ്ദുൾ ലത്തീഫ്, എ.ജെ ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് എസ്. എസ്. സോണി, നെന്മാറ ഫുഡ് സേ്ര്രഫി ഓഫീസർ നവീൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി നടപ്പാക്കുമ്പോൾ
പഞ്ചായത്തിലെ ഓഡിറ്റോറിയങ്ങളിലും ആരാധനാലയങ്ങളിലും നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തും
ഭക്ഷ്യസുരക്ഷയോടൊപ്പം മാലിന്യ നിർമ്മാർജ്ജനത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകു
വിപുലമായ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും
ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ ലൈസൻസ് എടുപ്പിക്കുന്ന നടപടികളും തുടങ്ങും
ഫോട്ടോ: 4. സമ്പൂർണ ഭക്ഷ്യസുരക്ഷ പദവിയിലേക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ എത്തിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. വനജ കുമാരി നിർവഹിക്കുന്നു