വടക്കഞ്ചേരി: പരുവാശ്ശേരി ചല്ലിപറമ്പിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ മോട്ടോർഷെഡിൽ ഇടിച്ച് എട്ടുപേർക്ക് പരിക്ക്. പരുവാശ്ശേരി കൊളക്കോട് മാണിക്കൻ ഭാര്യ വേശു (63), നെല്ലിയാംപാടം സുന്ദരന്റെ ഭാര്യ സൗദാമിനി (43), കൊളക്കോട് നാരായണന്റെ ഭാര്യ കല്യാണി (70), കൊളക്കോട് രാമകൃഷ്ണൻ ഭാര്യ ദേവകി (57), കൊളക്കോട് ഷിബുന്റെ ഭാര്യ ഗിരിജ (38), ചല്ലിപറമ്പ് ചന്ദ്രൻ ഭാര്യ സുജാത (55) ചല്ലിപറമ്പ് സുരേന്ദ്രന്റെ മകൾ ഐശ്വര്യ (14), ഓട്ടോ ഡ്രൈവർ കൊളക്കോട് പഴനിമലയുടെ മകൻ ശിവദാസൻ (38) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ വേശുവിനെയും, കല്യാണിയെയും, സുജാതയെയും, ഐശ്വര്യയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും.ഗിരിജയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും, ശിവദാസനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും, സൗദാമിനിയെയും, ദേവകിയെയും വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുജാതയുടെയും, ഐശ്വര്യയുടെയും പരിക്ക് ഗുരുതരമാണ്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടുകൂടിയാണ് സംഭവം. കൊളകോട് നിന്നും ചേവക്കോട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുജാതയെയും, ഐശ്വര്യയെയും ഇടിച്ച് തെറിപ്പിച്ച് സമീപത്തെ മോട്ടോർഷെഡിലും മരത്തിലും ഇടിച്ച് നില്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മോട്ടോർ ഷെഡിന്റെ സ്ലാബ് ഇടിഞ്ഞു. ഓട്ടോക്കും മോട്ടോർ ഷെഡിനും ഇടയിൽ കുരുങ്ങിയ സുജാതയെയും, ഐശ്വര്യയെയും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ട് പോവുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവർ ഓട്ടോയിലെ യാത്രക്കാരാണ്. കൊളക്കോട് നിന്നും ഓട്ടോയിൽ ചേവക്കോടുള്ള മരണവീട്ടിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്. സംഭവമറിഞ്ഞ് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി.


പരുവാശ്ശേരി ചല്ലിപറമ്പിൽ അപകടത്തിൽപ്പെട്ട ഓട്ടോ