mango
മുതലമടയിൽ പൂത്തുനിൽക്കുന്ന മാവുകൾ.

കൊല്ലങ്കോട്: മഴ മാറി പാലക്കാടൻ കാറ്റ് തുടങ്ങിയതോടെ മുതലമടയിലെ മാവിൻതോട്ടങ്ങൾ തളിർത്ത് പൂത്തുലയാൻ തുടങ്ങി. രാജ്യത്തെ തന്നെ പ്രധാന മാങ്ങ ഉല്പാദന കേന്ദ്രമായ മുതമടയിൽ ഒരു മാസം വൈകിയാണ് മാവ് പൂക്കാൻ തുടങ്ങിയത്. പ്രളയവും ന്യൂനമർദ്ദത്തിന്റ ഫലമായി മഴ തുടർന്നതും കാർമൂടിയ അന്തരീക്ഷവുമാണ് മാവ് പൂക്കാൻ വൈകുന്നതിന് ഇടയാക്കിയത്. സാധാരണ മഞ്ഞുകാലത്തിന് മുമ്പായി ഒക്ടോബർ​- നവംബറിലാണ് മാവ് പൂക്കുന്നത്.

ഇത്തവണ ഡിസംബർ ആദ്യവാരമാണ് മാവുകൾ പൂക്കാൻ തുടങ്ങിയത്. കാറ്റുള്ളതിനാൽ മാമ്പൂക്കളിൽ പരാഗണം നടക്കാനും കായ വരാനും സഹായമാകും. മുതലമടയിലും പരിസര പ്രദേശങ്ങളിലുമായി 4200 ഹെക്ടറിൽ മാവുകൃഷിയുണ്ട്. തോത്താപൂരി, സിന്തൂരം, ബംഗനപ്പള്ളി, അൽഫോൻസ്, കാലാപാടി, മുവാണ്ടൻ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സിന്തൂരം, ബംഗനപ്പള്ളി എന്നിവയാണ് അതീവ രുചികരവും വില കൂടിയതുമായ ഇനം. ജനുവരി ആദ്യം പച്ചമാങ്ങ വിളവെടുപ്പ് തുടങ്ങും. കേരളം, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ അച്ചാർ നിർമ്മാണ കമ്പനികൾക്ക് മുതലമടയിൽ നിന്നാണ് പച്ചമാങ്ങ സംഭരിക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ മാങ്ങാസീസണായി. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഉത്തരേന്ത്യൻ നഗരങ്ങളായ ദില്ലി, ഇൻഡോർ, മുബൈ, കൊൽക്കത്ത തുടങ്ങിയവയാണ് പ്രധാന വിപണി. ഒരു സീസണിൽ 500 മുതൽ 600 കോടി രൂപയുടെ വിപണനം നടക്കും. 2000 കർഷകരും 1500 കച്ചവടക്കാരും 20,000 തൊഴിലാളികളും മുതലമടയിലെ മാങ്ങ വിപണിയെ ആശ്രയിച്ച് ജീവിക്കുന്നു.

കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാംഗോ ഹബിന്റെ പ്രാരംഭ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മാവ് കൃഷി പരിചരണം, വിളവെടുക്കൽ, സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം, കർഷകർക്കും തൊഴിലാളികൾക്കും പരിശീനം എന്നിവയാണ് മാംഗോ ഹബിലൂടെ ലക്ഷ്യമിടുന്നത്.