പാലക്കാട്: നഗരത്തിൽ നടപ്പാത കൈയ്യേറിയുള്ള കച്ചവടങ്ങളെ ഒഴിപ്പിക്കുന്ന നടപടി കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ നിറുത്തിവച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നഗരസഭ അധികൃതർ കഴിഞ്ഞ ബുധനാഴ്ച മുതൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.

ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, ഡോ. കൃഷ്ണൻ സ്മാരകപാർക്ക്, ബി.ഇ.എം സ്കൂൾ, മുനിസിപ്പൽ സ്റ്റാന്റ്, പൂക്കാരത്തെരുവ് എന്നിവിടങ്ങളിലെ കൈയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മാസങ്ങളായി കച്ചവടം നടത്താതെ ഉപേക്ഷിച്ച നിലയിലുള്ള എട്ട് തട്ടുകടകളും നടപ്പാതകളിൽ നിന്ന് ഉദ്യോഗസ്ഥർ മാറ്റിയിരുന്നു. രണ്ടാംദിനം ഒലവക്കോട് റെയിവേ സ്റ്റേഷൻ പരിസരം ഒഴിപ്പിക്കുന്നതിനിടെയാണ് കച്ചവടക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതോടെയാണ് പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചത്.

നിലവിൽ ഒഴിപ്പിച്ച ഭാഗത്തിലൂടെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബാബു ലൂയിസ്, കെ.വേലായുധൻ, റിയാസുൽ റഹ്മാൻ, ഇ.കെ.രാജേഷ്, അബ്ദുൾ ഹമീദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മോഹൻദാസ്, നിഷ, ബുഷ്‌റ എന്നിവർ കൈയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകി.

 തുടർപ്രവർത്തനം പൊലീസിന്റെ നേതൃത്വത്തിൽ

ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞതിനാൽ തുടർ പ്രവർത്തനം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ നടക്കു. ഈ വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. ഒഴിപ്പിക്കപ്പെട്ട സ്ഥലത്ത് ഇനിയും കൈയ്യേറ്റം അനുവദിക്കില്ല. തുടർപരിശോധന ഉടനുണ്ടാകും. പിടിക്കപ്പെട്ടാൽ പിഴയും നിയമനടപടിയും സ്വീകരിക്കും.

ബാബു ലൂയിസ്, ഹെൽത്ത് ഇൻസ്‌പെക്ടർ, പാലക്കാട് നഗരസഭ