പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിയെ ഇടിച്ചിട്ടശേഷം ആശുപത്രിയിലെത്തിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ ഡൈവർ അറസ്റ്റിൽ. മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത്ത് (12) നെയാണ് കാറിടിച്ചത്. ശേഷം അതേകാറിൽ തന്നെ സുജിത്തിനെ പാലക്കാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പാതിവഴിയിലെത്തിയപ്പോൾ ടയർ പഞ്ചറായായെന്ന് പറഞ്ഞ് ഡ്രൈവർ ഇറക്കിവിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പരമനെന്നയാൾ പിന്നീട് മറ്റൊരു വാഹനത്തിൽ സുജിത്തിലെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം വിവാദമായതോടെ കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചതും കാറോടിച്ച പ്രതിയെ കണ്ടെത്തിയതും.

അപ്പുപ്പിള്ളയൂർ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സുജിത്ത്. ക്ലാസുകഴിഞ്ഞ ശേഷം ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തശ്ശന്റെ ചരമവാർഷികത്തിന് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ചശേഷം കളിക്കാനായി കൂട്ടുകാരുടെ അടുത്തേക്കു പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം. അമ്മ: രാധ. സഹോദരൻ: സൂരജ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചശേഷം സംസ്കരിച്ചു.