പാലക്കാട്: പാലുത്പാപാദനം വർദ്ധിപ്പിച്ച് കേരളം സ്വയംപര്യാപ്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. മലമ്പുഴയിലെ നവീകരിച്ച മിൽമ കാലിത്തീറ്റ ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അന്തർദേശീയ വാണിജ്യ കരാറുകൾ മൂലം കാർഷികമേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും മറ്റു രാജ്യങ്ങളിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറിയാൽ മാത്രമേ ക്ഷീരമേഖലയും ലാഭത്തിലാകുകയുള്ളൂ. മൂന്നുവർഷത്തിനിടെ പാലിന് ലിറ്ററിന് എട്ടു രൂപ വർദ്ധിപ്പിച്ചത് ക്ഷീരകർഷകർക്ക് ആശ്വാസകരമായി. ക്ഷീരമേഖലയെ ആശ്രയിച്ച് 8 ലക്ഷം കുടുംബങ്ങളാണ് കേരളത്തിലുള്ളത്. കർഷകർക്ക് പാലിന് ഏറ്റവുമധികം വില നൽകുന്ന സംസ്ഥാനം കേരളമാണ്. എന്നാൽ, കർഷകന്റെ അധ്വാനത്തിന് അനുസരിച്ച് ലാഭം ലഭിക്കണമെങ്കിൽ പാലിന് ഇനിയും വില ലഭിക്കേണ്ടതുണ്ട്. വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച പാലുൽപന്നങ്ങൾ മിൽമയുടേതാണെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്ലാതെ കർഷകർ ഉൽപാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കും. മലബാർ മേഖലയിലെ ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിൽ 20 കോടി രൂപയുടെ പാൽ ഉത്പന്നങ്ങൾ കയറ്റുമതി നടത്തുന്നത് അഭിമാനകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മിൽമ ചെയർമാൻ പി.എ.ബാലൻ അധ്യക്ഷനായി. മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മലബാർ മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ യൂസഫ് കോറോത്ത്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കല്ലട രമേശ്, ജോൺ തെരുവത്ത്, അഡ്വ എൻ. രാജൻ, എസ്. ശ്രീകുമാർ, കരുമാടി മുരളി എന്നിവർ സംസാരിച്ചു.
ഫോട്ടോ: 16 മലമ്പുഴയിൽ നവീകരിച്ച കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനം വനംവന്യജീവി ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.