പാലക്കാട്: നഗരത്തിലെ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്ന നഗരസഭ കൗൺസിൽ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. രാവിലെയും രാത്രിയുമായി പ്രത്യേക സ്ക്വാഡായാണ് പരിശോധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരിൽ നിന്നായി 14000 രൂപ പിഴ ഈടാക്കിയെന്ന് അധികൃതർ അറിയിച്ചു. മൂന്ന് പേരടങ്ങുന്ന ഒരു സ്ക്വാഡിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരാണ് ഉണ്ടാകുക.
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ പകൽ സ്ക്വഡും രാത്രി സ്ക്വഡ് വൈകീട്ട് ആറു മുതൽ രാത്രി 12.30 വരെയും പരിശോധന നടത്തും
പരിശോധന നടന്നത്
ബി.ഒ.സി റോഡ്, വെണ്ണക്കര, മഞ്ഞക്കുളം, മുനിസിപ്പൽ റെയിൽവേ മേൽപ്പാലത്തിന് സമീപം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തിയത്. പ്ലാസ്റ്റിക്കിന് പുറമെ കോഴി വേസ്റ്റുകളും ചാക്കുകളിലാക്കി നിക്ഷേപിക്കുന്നത് വർദ്ധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
മിനിമം പിഴ 2000 രൂപ
മാലിന്യം നിക്ഷേപിക്കുന്നത് ചെറിയ തോതിൽ ആണെങ്കിലും മിനിമം 2000 രൂപ പിഴ ഈടാക്കും. മാലിന്യത്തിന്റെ തോത് അനുസരിച്ച് പിഴ വർദ്ധിക്കും. കോഴി വേസ്റ്റുകളുടെ പിഴ ഇതിലും കൂടും. കൂടാതെ പൊതുനിരത്തുകളിൽ മാലിന്യം കത്തുക്കുന്നതിനെതിരെയും ശക്തമായി നടപടി സ്വീകരിക്കും. മണി കണ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ, പാലക്കാട് നഗരസഭ