ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പഴണിയാർ പാളയം വരട്ടയാർ പുഴയോരത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ വ്യക്തികൾ പുഴയോരത്തെ ഏക്കർ കണക്കിന് പുറമ്പോക്ക് സ്ഥലങ്ങൾ കൈയ്യേറി തങ്ങളുടെ വസ്തുവിനൊപ്പം ചേർത്തിട്ടുണ്ട്. പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി കണ്ടെത്തി പുഴമേട്ടിലെ താമസക്കാർക്കായി പുഴയോരത്തുകൂടി നല്ലൊരു റോഡ് നിർമ്മിക്കണമെന്നാണ് ഇപ്പോൾ ജനങ്ങളുടെ ആവശ്യപ്പെട്ടു.
നിലവിലെ ക്രോസ്‌വേ മുതൽ ഒന്നര കിലോമീറ്റർ ദൂരം സംരക്ഷണഭിത്തി നിർമ്മിച്ച് പുതിയ റോഡു നിർമ്മിച്ചാൽ പുഴസംരക്ഷണത്തിന് ഉപകാരപ്രദമാകും. അളന്നു തിട്ടപ്പെടുത്തിയാൽ ധാരാളം പുറമ്പോക്ക് സ്ഥലം കണ്ടെത്താനാകുമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പുഴമേട്ടിലെ താമസക്കാർ പുഴ ഇറങ്ങി വേണം മറുകരയ്‌ക്കെത്താൻ. വാഹന ഗതാഗതത്തിനും പ്രയാസമാണ്.
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി നിലംപതി പാലം നിർമ്മിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം പുഴയോരത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് നിർമ്മിക്കാനായാൽ ഏറെ ഗുണം ചെയ്യും.