ഒറ്റപ്പാലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള മലിനജലം മുഴുവൻ അഴുക്കുചാലുവഴി ഒഴുകിയെത്തുന്നത് കണ്ണിയംപുറം തോട്ടിലേക്കാണ്. കുളിക്കാനും അലക്കാനും പരിസരവാസികൾ ആശ്രയിക്കുന്ന തോട്ടിലെ വെള്ളത്തിന് ഇപ്പോൾ കറുപ്പ് നിറമാണ്. നാട്ടുകാരുടെ പരാതിയെതുടർന്ന് നഗരസഭാ അധികൃതർ ഒരുദിവസം നഗരത്തിൽ പരിശോധന നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.

ബസ് സ്റ്റാന്റിന്റെ പുറകിൽ നിന്ന് തുടങ്ങി പൂഴിക്കുന്ന് ക്ഷേത്രത്തിന് സമീപത്തുകൂടി ശാന്തിനഗർ കോളനിയിലൂടെയാണ് മലിനജലം കണ്ണിയംപുറം തോട്ടിലെത്തുന്നത്. അഴുക്കുചാൽ തുറന്നുകിടക്കുന്ന സ്ഥലത്തെല്ലാം അസഹ്യമായ ദുർഗന്ധം കാരണം ശാന്തിനഗർ കോളനി നിവാസികൾ ഏറെ ദുരിതത്തിലാണ്. 50 ലധികം കുടുംബങ്ങളുണ്ട് ഇവിടെ.

നഗരസഭാ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ മലിനജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. രണ്ട് വ്യാപാരസമുച്ചയങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. മലിനജലം ഒഴുക്കി വിടുന്നഭാഗം ആരോഗ്യവിഭാഗം കോൺക്രീറ്റ് അടക്കുകയുംചെയ്തിരുന്നു. പക്ഷേ, തുടർന്നുള്ള ദിവസങ്ങളിൽ മറ്റുഭാഗങ്ങളിൽ പരിശോധനകൾ നടന്നില്ലെന്നാണ് ആക്ഷേപം. ടി.ബി റോഡ്, ആർ.എസ് റോഡ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലവും ഒഴുകിയെത്തുന്നത് തോട്ടിലേക്കാണ്. ഇവിടങ്ങളിൽ അടിയന്തരമായി പരിശോധന നടത്തി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കണ്ണിയംപുറം തോട്ടിലെ വെള്ളം