പാലക്കാട്: രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാനായി ഒറ്റപ്പാലം നഗരസഭയിലും ഷീ ലോഡ്ജ് പദ്ധതിവരുന്നു. ഏഴ് ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാന്റിലെ പുതിയ കെട്ടിടത്തിലാവും ഷീ ലോഡ്ജ് ആരംഭിക്കുക.

യാത്ര എന്തെങ്കിലും കാരണത്താൽ തടസപ്പെട്ട് വഴിമുട്ടിയവരും മറ്റുദേശങ്ങളിൽ നിന്നെത്തി ഇവിടെ പെട്ടുപോകുന്നവരും പാതിരാത്രിയിൽ സഹായവുമായി പൊലീസിനുമുന്നിലെത്താറുണ്ട്. പുതിയ സംവിധാനം ഒരുങ്ങുന്നതോടെ അബദ്ധത്തിൽ എത്തിപ്പെടുന്നവർക്കുമാത്രമല്ല മറ്റുള്ളവർക്കും ഈ കേന്ദ്രം ആശ്വാസം പകരും.

ഒറ്റപ്പാലം നഗരസഭയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പുതിയകെട്ടിടം കണ്ടെത്തി വാടകനൽകാനും കഴിയില്ല. അതിനാലാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തന്നെ ഷീ ലോഡ്ജ് ഒരുക്കാൻ തീരുമാനിച്ചത്. മൂന്ന് മുറികൾ,​ പൊതു ശുചിമുറി,​ ഹാൾ,​ കട്ടിൽ,​ മേശ,​ ഫാൻ തുടങ്ങിയ സൗകര്യം ആദ്യഘട്ടത്തിൽ ഒരുക്കും. സൗജന്യ നിലയിൽ സേവനം നൽകണോ, വാടക ഈടാക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വാടക ഈടാക്കണമെങ്കിൽ തുകയുടെ കാര്യത്തിൽ കൗൺസിലിന്റെ അംഗീകാരം ആവശ്യമാണ്. കൂടാതെ ലോഡ്ജിൽ സെക്യൂരിറ്റിയെ നിയമിച്ച് സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്നും നഗരസഭാധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി പറഞ്ഞു.

 കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പാക്കാനാകാത്ത വനിത ഹോസ്റ്റൽ പദ്ധതിയാണ് ഷീ ലോഡ്ജാക്കി മാറ്റുന്നത്. അന്ന് പദ്ധതിക്കായി 5.10 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. കൂടാതെ കഴിഞ്ഞ പദ്ധതിയിൽ നടപ്പാക്കാത്ത കുടുംബശ്രീ വിപണന കേന്ദ്രം പദ്ധതി ഉപേക്ഷിച്ച വകയിലെ രണ്ടുലക്ഷം രൂപയും ഷീലോഡ്ജ് പദ്ധതിയിലേക്ക് വകമാറ്റി. അങ്ങനെയാണ് ഏഴുലക്ഷം രൂപയുടെ ഫണ്ട് കണ്ടെത്തിയിട്ടുള്ളത്.