പാലക്കാട്: രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന മഹനീയ സങ്കൽപ്പത്തെ വൃണപ്പെടുത്തുന്ന ഒരു നീക്കവും അംഗീകരിക്കാനാകില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ജാമിഅ ഹസനിയ്യ സിൽവർ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ബിൽ നമ്മുടെ മഹനീയ സ്വത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും കാന്തപുരം പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് ഈ നിയമം എതിരാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിനാലാം അനഛേദത്തിന്റെ ലംഘനമാണിത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, അതിനാൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നൽകേണ്ടത്. മുസ്ലിംങ്ങളുടെ വേരറുക്കുന്ന ഔദ്യോഗിക രേഖയായി ഈ നിയമ ഭേതഗതി മാറുകയാണ്. കേന്ദ്ര സർക്കാർ പുനരാലോചന നടത്തണം. ഇതാണ് ഞങ്ങൾക്ക് വീണ്ടും ഓർമിപ്പിക്കാനുള്ളത്.
പൗരത്വ പട്ടികയുടെ പേരിൽ ഒരുവിഭാഗത്തെ മാറ്റിനിർത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കാൻ കഴിയില്ല. മതപരമായ ഈ വിഭജനം ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്റെ വേരും പ്രമാണവുമായ ഭരണഘടനയെ അപ്രസക്തമാക്കാൻ ആരും ശ്രമിക്കരുതെന്നും കാന്തപുരം പറഞ്ഞു.
കൊമ്പം കെ.പി.മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണവും മുഹ്‌യിസുന്ന അബ്ദുൽഖാദിർ മുസ്ലിയാർ മതപ്രഭാഷണവും നടത്തി. ഹസനിയ്യ പ്രിൻസിപ്പാൾ കെ പി മുഹമ്മദ് മുസ്ലിയാർ സനദ് ദാന പ്രസംഗവും ഹിഫ്‌സ് ഖിറാഅത്ത് വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഷാഫി പറമ്പിൽ എം എൽ എ താഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ, ത്വാഹാ തങ്ങൾ, സി കെ റാഷിദ് ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി എന്നിവർ പ്രസംഗിച്ചു.