കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് സംരക്ഷണത്തിൽ സർവീസ് നടത്തി
സ്കൂളുകളിൽ ഹാജർനില കുറവ് അർദ്ധവാർഷിക പരീക്ഷകൾ നടന്നു
നഗരത്തിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു
പാലക്കാട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലും വാളയാറും നേരിയതോതിൽ സംഘർമുണ്ടായി. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വാളയാറിൽ തമിഴ്നാട് സർക്കാർ ബസിന് നേരെ കല്ലേറുമുണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
ജില്ലയിൽ സ്വകാര്യ ബസുകളൊന്നും തന്നെ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി പൊലീസ് സംരക്ഷണത്തിൽ പതിവുപോലെ സർവീസ് നടത്തി. ഓട്ടോറിക്ഷകളും മറ്റ് സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയത് യാത്രക്കാർക്ക് ആശ്വാസമായി. ഗ്രാമീണമേഖലയിൽ നിന്നുള്ള രോഗികൾ ഉൾപ്പെടയുള്ളവർ ഓട്ടോപിടിച്ചാണ് നഗരത്തിലെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഇന്നലെ ഹാജർനില കുറവായിരുന്നു. അതേസമയം, മുൻ നിശ്ചയിച്ച പ്രകാരം സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ നടന്നു. നഷ്ടം സഹിച്ച് ഹർത്താലുകളിൽ കടകമ്പോളങ്ങൾ അടച്ചിടില്ലെന്ന് കഴിഞ്ഞദിവസം നിലപാടെടുത്ത വ്യാപാരികൾ പക്ഷേ, ഇന്നലെ നഗരത്തിലെ കടകൾ തുറന്നില്ല. ഗ്രാമീണമേഖലയിൽ ചിലയിടങ്ങളിൽ കടകൾ എന്നത്തേയും പോലെ തുറന്ന് പ്രവർത്തിച്ചു.
രാവിലെ ആറരയോടെ കെ.എസ്.ആർ.ടി.സിക്ക് സമീപം എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി പ്രവർത്തകർക്ക് പ്രകടനം നടത്താൻ പൊലീസ് അനുമതി നൽകാത്തതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തിവീശി. സംഘർഷവുമായി ബന്ധപ്പെട്ട് നൂറണി പുതുപള്ളിത്തെരുവ് സ്വദേശി അഫ്സൽ (31), പേഴുങ്കര സ്വദേശി ഷക്കീൽ ഹഫ്സൻ (24) എന്നിവരെ അറസ്റ്റ്ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയേറ്റ ശ്രമത്തിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പിന്നീട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രകടനവുമായെത്തി ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ച സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കഞ്ചിക്കോട് അപ്നാഗറിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച അസം സ്വദേശികളായ മൂന്ന് അന്തേവാസികളെ കസബപൊലീസെത്തി അറസ്റ്റ്ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു ഹർത്താൽ. വെൽഫയർ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ഡി.എച്ച്.ആർ.എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.