അനുദിനം ജോലിഭാരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടിക്കറ്റ് പരിശോധകരുടെ ഒഴിവുകൾ നികത്തണമെന്ന് പാലക്കാട്ട് സമാപിച്ച ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ദക്ഷിണമേഖല പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.

ആവശ്യത്തിന് ടിക്കറ്റ് പരിശോധകർ ഇല്ലാത്തതിനാൽ ദിനംപ്രതി ഒരുപാട് കോച്ചുകൾ പരിശോധനയില്ലാതെ പോകുന്നു. ഇതുമൂലം മുൻകൂട്ടി റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് ബർത്ത് സൗകര്യം ലഭ്യമാകുന്നില്ല എന്ന് മാത്രമല്ല റെയിൽവേയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റ് എൻ എസ് രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എസ് .എം. എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ റെയിൽവേ ഡിവിഷനുകളെ പ്രതിനിധീകരിച്ച് ജെ.ജിജിത്ത്, നസീർ അഹമ്മദ് മഖാൻധാർ, അജി ജോസഫ്, സ്റ്റാൻലി രാജേഷ്, കെ. സജിത്ത്, വികാസ് ചന്ദ്ര ഭാരതി, എംഎസ് വീണ, കെ മുനീകൃഷ്ണ, സന്ദീപ് അലക്കൽ, കെ. ശങ്കർ എന്നിവർ പ്രസംഗിച്ചു.

വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കുന്നത് നിർത്തലാക്കുക, ടിക്കറ്റ് പരിശോധകരുടെ വിശ്രമ മുറികൾ ആധുനികരിക്കുന്ന നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ട്രെയിൻ സർവീസുകൾ സ്വകാര്യവ്യക്തികൾക്ക് കൈമാറുന്നതിനെതിരെ സമാന നിലപാടുകളുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്ന് പ്രക്ഷോഭപരിപാടികൾ ശക്തിപ്പെടുത്തുവാനും നിയമനടപടികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു.