പാലക്കാട്: ഹർത്താൽ ദിനത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കോയമ്പത്തൂർ, കോഴിക്കോട്, ഗുരുവായൂർ, പൊള്ളാച്ചി, തൃശൂർ റൂട്ടുകളിൽ മുപ്പതോളം ബസുകൾ സർവീസ് നടത്തി. കോഴിക്കോട് - എട്ട്, കോയമ്പത്തൂർ - എട്ട്, തൃശൂർ - ആറ്, പൊള്ളാച്ചി - ആറ്, പട്ടാമ്പി - രണ്ട് എന്നിങ്ങനെയായിരുന്നു സർവീസ്.
മറ്റു ഡിപ്പോകളിൽ നിന്നും വന്ന തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ പൊലീസ് സംരക്ഷണയിൽ യാത്ര തുടർന്നു. പാലക്കാട് ഡിപ്പോയിൽ ആകെ 80 ഷെഡ്യൂളുകളാണുള്ളത്.
വടക്കഞ്ചേരി ഡിപ്പോയിൽ നിന്ന് എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കായി ആറു സർവീസുകൾ നടത്തി. കോയമ്പത്തൂർ, മൂന്നാർ, എരുമേലി തുടങ്ങിയ ദീർഘദൂര സർവീസുകൾ ഓടിയില്ല. മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിലും വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ് നടത്തിയത്.
അതിരാവിലെ തന്നെ കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചെങ്കിലും പലഭാഗത്തും ബസുകൾ തടയുന്നുവെന്ന വാർത്ത വന്നതോടെ സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. സ്‌കൂൾ, കോളേജ് പരീക്ഷകൾ മാറ്റിവയ്ക്കാതിരുന്നതിനാൽ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ രാവിലെ മുതൽ സ്റ്റാൻഡിലെത്തിയിരുന്നു.