ചിറ്റൂർ: നിയന്ത്രണംവിട്ട കാറിടിച്ച് കാൽനടയാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോട് രവിയുടെ ഭാര്യ രാധ (45), മകൻ റോഷൻ (5) എന്നിവരെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ പകൽ 4.30ന് നല്ലേപ്പിള്ളി പെട്രോൾ ബങ്കിന് സമീപത്താണ് അപകടം. മകൻ റോഷനെ സ്‌കൂളിൽ നിന്നും വിളിച്ചശേഷം പാൽ സൊസൈറ്റിയിൽ നിന്നും പാലൽ വാങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോൾ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാധ തെറിച്ച് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നല്ലേപ്പിള്ളിയിൽ നിന്നും ചിറ്റൂർ ഭാഗത്തേക്കു പോകുകയായിരുന്ന മാരുതി കാർ റോഡുവക്കിലെ കൾവെർട്ടിൽ ഇടിച്ച് തിരിഞ്ഞ് തലകീഴായി മറിയുകയായിരുന്നു. നല്ലേപ്പിള്ളി മൂച്ചിക്കുന്ന് സ്വാദശികളായ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്.
ഹർത്താലായതിനാൽ ഡോക്ടർ നേരത്തെ പോയി, രോഗികൾ വലഞ്ഞു
ഷൊർണൂർ: ഹർത്താൽ ദിനത്തിൽ ആശുപത്രിയിൽ ചികിത്സകിട്ടാതെ രോഗികൾ വലഞ്ഞു. ഷൊർണൂർ ഗവ: ആശുപത്രിയിലാണ് ഡോ. ഹർത്താലാണെന്ന് പറഞ്ഞ് നേരത്തെ പോയതിനെ തുടർന്ന് ഉച്ചയോടെ വന്ന രോഗികൾക്ക് ചികിത്സ ലഭിച്ചില്ലെന്നാണ് ആക്ഷേപം. പന്ത്രണ്ടുമണി വരെ ഒ.പി. പ്രവർത്തിച്ചിരുന്നുവെന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞു. രോഗികൾ ഇല്ലാതിരുന്ന സമയത്ത് ഹർത്താലല്ലേ ഇനി രോഗികൾ വരാനിടയില്ലെന്ന് പറഞ്ഞ് ഡോക്ടർ പോകുകയായിരുന്നുവെത്ര. ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് രോഗികൾ മടങ്ങിപ്പോയെന്നതറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി ആശുപത്രിയിലെത്തിയതോടെ ഡ്യൂട്ടി സ്റ്റാഫുകൾ ഡോക്ടറെ വിളിച്ചു വരുത്തുകയായിരുന്നു.