ശ്രീകൃഷ്ണപുരം: മരത്തടിയിൽ കൊത്തുപണികൾ കൊണ്ട് വിസ്മയം തീർക്കുകയാണ് രഘുകൃഷ്ണൻ. ഇതിനോടകം മലയാളസിനിമയിലെ സൂപ്പർ താരങ്ങളെയെല്ലാം കൊത്തിയെടുത്തുകഴിഞ്ഞു കടമ്പഴിപ്പുറം 16-ാം മൈൽ സ്വദേശിയായ യുവ കലാകരാൻ. മാമാങ്കം എന്ന ചിത്രത്തിലെ മമ്മുട്ടിയാണ് പുതിയ സൃഷ്ടി.

മമ്മുക്കയുടെ രൂപം അദ്ദേഹത്തിന് സമ്മാനിക്കണമെന്നാണ് രഘുവിന്റെ ആഗ്രഹം. ഒടിയൻ എന്ന സിനിമയുടെ റിലീസിംഗ് സമയത്ത് നടൻ മോഹൻലാലിന്റെ രൂപം കൊത്തിയത് രഘു അദ്ദേഹത്തിന്‌ നൽകിയിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഈ മേഖലയിൽ തുടരുന്ന രഘുവിന്റെ കരവിരുതിൽ പിറവിയെടുത്തത് നൂറോളം സൃഷ്ടികളാണ്. തമിഴ് നടൻ വിക്രം, അന്തരിച്ച നടൻ സുകുമാരൻ, വ്യവസായി യൂസഫ് അലി ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട് കാണിപ്പയ്യൂരിന്റെ കീഴിലും പ്രവർത്തിച്ച ഈ കലാകാരൻ പെൻസിൽ ഡ്രോയിംഗിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.

ഏത് രൂപം മനസിൽ തെളിഞ്ഞാലും അത് മരത്തിൽ കൊത്തിയെടുക്കുക എന്നത് രഘുവിന്റെ ശീലമാണ്. കൂടുതൽ സിനിമ നടന്മാരുടെയും മറ്റു പ്രമുഖരുടെയും രൂപങ്ങൾ മരത്തടിയിൽ തീർക്കാനുള്ള ശ്രമത്തിലാണ് രഘുകൃഷ്ണൻ.

ചിത്രം : മാമാങ്കം സിനിമയിലെ മമ്മൂട്ടിയുടെ രൂപവുമായി രഘുകൃഷ്ണൻ