ചെർപ്പുളശ്ശേരി: ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനവും ഇ - വേസ്റ്റ് നിർമാർജ്ജനവും കർശനമായി നടപ്പാക്കാൻ ചെർപ്പുളശ്ശേരി നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. സർക്കാർ ഉത്തരവുപ്രകാരം നിരോധനമേർപ്പെടുത്തിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ഉപയോഗവും തടയും. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കൂടിയാലോചിച്ച് കരട് നിയമാവലി ഉണ്ടാക്കും. വ്യാപാരികളുടെ കൂടി സഹകരണത്തോടെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാനും കൗൺസിൽ തീരുമാനിച്ചു.

അതേസമയം, നഗരസഭയിൽ നിലവിലെ പ്ലാസ്റ്റിക് മാലിന്യശേഖരണം കാര്യക്ഷമമല്ല. ശേഖരിച്ച മാലിന്യം പലയിടത്തും കുന്നുകൂടി കിടക്കുകയാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭയിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ആനുകൂല്യവും ധനസഹായവും കൃത്യമായി കിട്ടുന്നില്ലെന്നും പ്രതിപക്ഷ അംഗം ഷാജി പാറക്കൽ ആക്ഷേപമുന്നയിച്ചു. എന്നാൽ, ബഡ്‌സ് സ്‌കൂളിൽ പോകുന്ന അർഹരായ 17 കുട്ടികൾക്ക് ഒരു വർഷം 28500 രൂപ സ്‌കോളർഷിപ്പും മറ്റു ആനുകൂല്യങ്ങളും ഉൾപ്പടെ നൽകുന്നുണ്ടെന്നും ഭരണപക്ഷ അംഗം പി.സുബീഷ് മറുപടി പറഞ്ഞു. അർഹരായ മറ്റു കുട്ടികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും ആനുകൂല്യം അനുവദിക്കണമെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ടപ്പോൾ കൗൺസിലിൽ ചെറിയ വാഗ്വാദവും ഉണ്ടായി.

സർക്കാർ മാനദണ്ഡമനുസരിച്ചുള്ള സ്‌കോളർഷിപ്പും മറ്റു സഹായങ്ങളും ഭിന്നശേഷി ഗണത്തിൽപെട്ട അർഹരായ നഗരസഭയിലെ കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് കണക്കുകൾ സഹിതം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.രാംകുമാർ മറുപടിയായി പറഞ്ഞു.

നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന തെരുവുനായ ശല്യവും, കുരങ്ങ് ശല്യവും നിയന്ത്രിക്കാൻ അടിയന്തര നടപടിയെടുക്കാനും നഗരസഭയുടെ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പൊതുമരാമത്ത് പ്രവർത്തികളുടെ എസ്റ്റിമേറ്റ് അടങ്കൽ തുകയിൽ നിന്നും അധികരിക്കാതെ പുതുക്കി നിശ്ചയിക്കാനും കൗൺസിൽ തീരുമാനിച്ചു.
26 അജണ്ടകളാണ് കൗൺസിൽ ചർച്ച ചെയ്തത്. ചെയർപേഴ്‌സൺ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി.