ഷൊർണൂർ: നഗരസഭയിലെ 11ാം വാർഡ് കാരക്കാട് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. 123 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിലെ ടി.സീന വിജയിച്ചു. ഷൊർണൂർ കാരക്കാട് എൽ.പി സ്‌കൂലായിരുന്നു വോട്ടെണ്ണൽ. നഗരസഭ കൗൺസിലറായിരുന്ന യു.ഡി.എഫിലെ സുനിൽ കുമാർ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ റസാഖ് 490 വോട്ടും, ബി.ജെ.പി സ്ഥാനാർഥി എം.കെ ഷാജി 37 വോട്ടും നേടി. യു.ഡി.എഫ് വിജയത്തിൽ പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
ഒറ്റപ്പാലം നഗരസഭയിലെ ചേരിക്കുന്ന് മൂന്നാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചു. സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പി.ആർ.ശോഭനയാണ് 117 വോട്ടിന് വിജയിച്ചത്. ശോഭന 462 വോട്ട് നേടിയപ്പോൾ യുഡി.എഫിലെ സി.ശ്രീലതയ്ക്ക് 345 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. ബി.ജെ.പിയിലെ കെ.സത്യഭാമക്ക് 22 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ 356 വോട്ടിനാണ് എൽ.ഡി.എഫ് വിജയിച്ചിരുന്നത്. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ബി.സുജാത രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.