പാലക്കാട്: പൗരത്വ ബില്ലിനെ ചൊല്ലി പാലക്കാട് നഗരസഭയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൈയ്യാങ്കളി. നഗരത്തിലെ അമൃത് പദ്ധതിയുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്നലെചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.
യോഗം ആരംഭിച്ചയുടനെ സി.പി.എമ്മിലെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ ഷുക്കൂർ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ പിന്താങ്ങുന്നതായും പാസാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കക്ഷിനേതാവും കെ.ഭവദാസും രംഗത്തെത്തി. ഇതിൽ ക്രമ പ്രശ്‌നം ആരോപിച്ച് ബി.ജെ.പി അംഗം എൻ.ശിവരാജനും എഴുന്നേറ്റു. വികസന കാര്യം മുൻനിർത്തി ചേർന്ന അടിയന്തര കൗൺസിൽ ആയതിനാൽ പ്രമേയത്തിൽ ഇപ്പോൾ ചർച്ച നടത്താനാകില്ലെന്ന നിലപാടിലായിരുന്നു ചെയർപേഴ്‌സൺ. ഇത് സഭയെ അറിയിച്ചതോടെ മുഴുവൻ പ്രതിപക്ഷാംഗങ്ങളും ഡയസിലേക്ക് കുതിച്ചെത്തുകയായിരുന്നു.

പ്രമേയം പാസാക്കാതെ കൗൺസിലുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് അംഗങ്ങൾ മുദ്രാവാക്യം വിളിയാരംഭിച്ചതോടെ ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിപക്ഷാംഗങ്ങൾ ഉയർത്തിപ്പിടിച്ച പ്രമേയത്തിന്റെ പകർപ്പുകൾ ഭരണപക്ഷാംഗങ്ങൾ പിടിച്ചുവാങ്ങി കീറിയെറിഞ്ഞതോടെയാണ് കാര്യം കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ യു.ഡി.എഫ് - ബി.ജെ.പി അംഗങ്ങൾക്ക് നടുവിൽ നിലയുറപ്പിച്ച് സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ചു. അതിനിടെ ചെയർപേഴ്‌സൺ കൗൺസിൽ തൽക്കാലത്തേക്ക് നിർത്തി.

പത്ത് മിനിറ്റിന് ശേഷം കൗൺസിൽ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷാംഗങ്ങൾ നിലപാടിലുറച്ച് നിന്ന് മുദ്രാവാക്യം മുഴക്കി. ബഹളം രൂക്ഷമാതോടെ അജണ്ടയിലേക്ക് കടക്കാനുള്ള ചെയർപേഴ്‌സന്റെ ശ്രമം മൈക്ക് തട്ടിയെടുത്തും, അജണ്ട കീറിയെറിഞ്ഞും പ്രതിപക്ഷം തടസപ്പെടുത്തി. അജണ്ട പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ യോഗം അവസാനിപ്പിച്ചു. ഇതോടെ ഭരണപ്രതിപക്ഷാ അംഗങ്ങൾ മുഖാമുഖം നിന്ന് മുദ്രാവാക്യം മുഴക്കിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഹാളിന് പുറത്തേക്ക് പോയി.