പാലക്കാട്: ഇരുചക്രവാഹന യാത്രികർ ഹെൽമറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇന്ത്യൻ എപ്പിലെപ്‌സി അസോസിയേഷനും ചേർന്ന് 'നോ ഹെൽമറ്റ് നോ റൈഡ്' എന്ന പേരിൽ ബൈക്ക് റാലി നടത്തി. കൊച്ചിയിൽ നിന്നും ബംഗലൂരു വരെ ടീം ഹെൽമറ്റ് കൊച്ചിയിലെ അംഗങ്ങൾ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താണ് ഹെൽമറ്റ് ബോധവൽക്കരണ റാലി നടത്തുന്നത്.
ചലച്ചിത്ര താരം സുരേഷ് ഗോപി കൊച്ചിയിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തു. ഇവരെ വടക്കഞ്ചേരി അവൈറ്റിസ് ക്ലിനിക്കിൽ സ്വീകരിച്ചു. തുടർന്ന് വടക്കഞ്ചേരി സി ഐ സന്തോഷ് ബി ഫ്‌ളാഗ് ഓഫ് ചെയ്തു യാത്ര തുടർന്ന സംഘത്തെ കാഴ്ചപറമ്പിൽ നിന്നും അവൈറ്റിസ് ഹോസ്പിറ്റൽ, പാലക്കാട് ട്രാഫിക് പോലീസ് തുടങ്ങിയവരുടെ ഇരുചക്ര വാഹന സംഘം പാലക്കാട് ടൗണിലുള്ള അവൈറ്റിസ് ഹോസ്പിറ്റലിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന പരിപാടിയ്ക്ക് ശേഷം പാലക്കാട് എ.എസ്.പി സ്വപ്നിൽ മഹാജൻ ബൈക്ക് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു സംഘം യാത്ര തുടർന്നു. എല്ലായിടങ്ങളിലും ഹെൽമറ്റിന്റ്രെ പ്രാധാന്യം ഉൾപ്പെടുത്തിയുള്ള ലഘു ലേഖകളും സംഘം വിതരണം ചെയ്യും.
പരിപാടിയിൽ ടീം ഹെൽമറ്റ് അംഗം സുരേഷ് ബലരാമൻ, പാലക്കാട് ടൗണിലുള്ള അവൈറ്റിസ് ഹോസ്പിറ്റൽ ഇൻചാർജ് ഹേമ പദ്മിനി എന്നിവരും സംസാരിച്ചു.
അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇന്ത്യൻ എപ്പിലെപ്‌സി അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച 'നോ ഹെൽമറ്റ് നോ റൈഡ്' ക്യാമ്പയിന് പാലക്കാട് നൽകിയ സ്വീകരണത്തിൽ എ.എസ്.പി സ്വപ്നിൽ മഹാജൻ സംസാരിക്കുന്നു