കൊല്ലങ്കോട്: നിയമങ്ങൾ കാറ്റിപറത്തി അധികൃതരെ നോക്കുകുത്തികളാക്കി എലവഞ്ചേരിയിൽ അനധികൃത ഇഷ്ടികചൂളകളും ബാലവേലയും പെരുകുന്നു. എറണാകുളം ആമ്പല്ലൂർ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് ഇവിടെ നെൽപ്പാടങ്ങൾ പരിവർത്തപ്പെടുത്തി ഇഷ്ടിക ചൂള പ്രവർത്തിപ്പിക്കുന്നത്. ഇതിന് മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും മൗനാനുവാദമുണ്ട്.
ദിനംപ്രതി നിരവധി ലോഡുകളാണ് ഇവിടെ നിന്നും അയൽജില്ലകളിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത്. അനധികൃതമായി മണ്ണ് ഖനനംചെയ്ത് എടുക്കുന്നത് ചോദ്യം ചെയ്ത പ്രദേശവാസികളെ ഭാഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളും അവരുടെ മക്കളുമാണ് ഇഷ്ടികചൂളകളിൽ ജോലിചെയ്യുന്നത്. ആയിരം ഇഷ്ടിക ഉണ്ടാക്കി നൽകിയാൽ നിശ്ചിത തുക നൽകുകയാണ് പതിവ്. കൂടുതൽ തുക ലഭിക്കുന്നതിനായി ചെറിയകുട്ടികൾ വരെ ഇഷ്ടികകളത്തിൽ പണിയെടുക്കുന്നുണ്ട്. ഇത് പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ പേരിന് പോലും പരിശോധനയോ നടപടിയോ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇഷ്ടിക നിർമ്മാണം നടത്തുന്ന സ്ഥലം ജില്ലാ കളക്ടർ, ആർ.ഡി.ഒ, ചിറ്റൂർ താഹ്‌സിൽദാർ എന്നിവർ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
ഫോട്ടോ: എലവഞ്ചേരി പഞ്ചായത്തിലെ ഇഷ്ടികചൂള