പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം ബാഗിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേനയും ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 9 ലക്ഷം രൂപ വിലവരും.
കഴിഞ്ഞ ദിവസം 4 കിലോകഞ്ചാവ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു. പരിശോധന ശക്തമായതോടെ പിടിക്കപ്പെടാതിരിക്കാനാണ് കഞ്ചാവ് ഉപേക്ഷിച്ചതെന്ന് കരുതുന്നു.

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ലഹരിക്കടത്ത് വർദ്ധിച്ചു വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.

പാലക്കാട് ടൗൺ നോർത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, എസ്.ഐ എസ്.അൻഷാദ് , എ.എസ്.ഐ നന്ദകുമാർ, എസ്.സി.പി.ഒ ജ്യോതികുമാർ, സി.പി.ഒമാരായ സജീന്ദ്രൻ, വിനോദ് ,സന്തോഷ് കുമാർ, ചന്ദ്രമോഹൻ, ഡിജേഷ് ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സുനിൽ കുമാർ, വിജയാനന്ദ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.