ജില്ലയിൽ തുണിസഞ്ചികൾ വിതരണത്തിന് തയ്യാർ
പാലക്കാട്: ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ തുണിസഞ്ചികൾ വിതരണം ആരംഭിച്ചു. ഒന്നാംഘട്ടത്തിൽ 76 കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച തുണി - കടലാസു സഞ്ചികളുടെ വിതരണമാണ് പുരോഗമിക്കുന്നത്. രണ്ടാംഘട്ടത്തിലെ കടകളിലേക്കുള്ള സഞ്ചികളുടെ നിർമ്മാണം വിവിധ യൂണിറ്റുകളിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ 13 ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലാണ് പ്രകൃതി സൗഹാർദ സഞ്ചികളുടെ നിർമ്മാണവും വിതരണവും നടക്കുന്നത്. എട്ട്, പത്ത്, 12,15, 20 എന്നിങ്ങനെയാണ് വില. ഒമ്പത് രൂപയാണ് പേപ്പർ സഞ്ചിയുടെ വില. ഓരോ കുടുംബശ്രീ യൂണിറ്റുകളും 4000 മുതൽ 7000 സഞ്ചികൾവരെ നിർമ്മിക്കും. നിലവിൽ പല യൂണിറ്റുകളും 3000 സഞ്ചികളോളം നിർമ്മിച്ചു കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
പരിശോധന ശക്തമാക്കും
ജനുവരി ഒന്നുമുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ ആദ്യം 10,000 രൂപ, രണ്ടാംതവണ 25,000 രൂപ, മൂന്നാംതവണ 50,000 രൂപയും സ്ഥാപനത്തിന്റെ ബിസിനസ് പെർമിറ്റ് അല്ലെങ്കിൽ ലൈസൻസ് എന്നിവ റദ്ദാക്കും. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കൈയിൽ കൊണ്ടുനടക്കുന്നവരിൽ നിന്നും പിഴ ഈടാക്കും. തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക.
ഹരിതകേരളം മിഷന്റെ സഹായത്തോടെ വായ്പ
76 കുടുംബശ്രീ യൂണിറ്റുകൾക്കും ജനുവരി ആദ്യവാരം ശില്പശാല സംഘടിപ്പിക്കും. ശില്പശാലയിൽ കൂടുതൽ പ്രകൃതി സൗഹാദ വസ്തുക്കൾ നിർമ്മാനുള്ള നിർദ്ദേശങ്ങൾ നൽകും. ഇതിനുള്ള വായ്പ ഹരിതകേരളം മിഷന്റെ സഹായത്തോടെ ബാങ്കുകളിൽ നിന്ന് ലഭ്യമാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ എക്‌സിബിഷനുകൾ മറ്റ് പ്രദർശനങ്ങളിലൂടെയും തുണിസഞ്ചികൾ ഘട്ടംഘട്ടമായി എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കും.
വൈ.കല്ല്യാണകൃഷ്ണൻ,
ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ