ഒറ്റപ്പാലം: കിള്ളിക്കുറുശ്ശി മംഗലം കുഞ്ചൻ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ നാട്യശാലയിൽ തുള്ളൽ മഹോൽസവത്തിന് തുടക്കമായി. ഘോഷയാത്ര എന്ന കഥയെ അടിസ്ഥാനമാക്കി കൂത്തുപറമ്പ് കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിച്ച ഓട്ടൻ തുള്ളലോടെയാണ് അരങ്ങുണർന്നത്. തുടർന്ന് കോട്ടയം ശ്രീവൽസം പ്രഭുൽ കുമാർ അവതരിപ്പിച്ച ഗരുഡഗർവഭംഗം, അമ്പലപ്പുഴ സുരേഷ് വർമ്മയുടെ പാത്രചരിതം തുടങ്ങി ഓട്ടൻതുള്ളലുകളും ദൃശ്യഗോപിനാഥ് പുനലൂർ അവതരിപ്പിച്ച നാളായണീചരിതം പറയൻതുള്ളൽ, കുഞ്ചൻ നമ്പ്യാർ സ്മാരകം രാജേഷിന്റെ കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ എന്നിവയും ആദ്യദിനം അരങ്ങിലെത്തി.
ഇന്ന് രാവിലെ 10 ന് കലാപീഠം വിദ്യാർത്ഥികളുടെ അരങ്ങേറ്റത്തിന്റെ ഭദ്രദീപം തെളിയിക്കൽ പി.കെ.ജി.നമ്പ്യാർ, കലക്കത്ത് രാധാകൃഷ്ണൻ, കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ എന്നിവർ നിർവഹിക്കും. തുടർന്ന് ഓട്ടൻതുള്ളൽ, കർണാടകസംഗീതം, മൃദംഗം അരങ്ങേറ്റങ്ങൾ നടക്കും. വൈകീട്ട് നാലിന് അനുമോദന സദസ് പി.ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം വൈസ് ചാൻസിലർ ഡോ: ടി.കെ.നാരായണൻ മുഖ്യാതിഥിയാവും. ചെയർമാൻ ഇ.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം യു. രാജഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവരാമൻ എന്നിവർ സംസാരിക്കും. വൈകീട്ട് ആറിന് ഭരതനാട്യം, മോഹിനിയാട്ടം കലാ വിഭാഗത്തിന്റെ അരങ്ങേറ്റവും ഉണ്ടാകും.
ഫോട്ടോ (3): കോട്ടയം ശ്രീവൽസം പ്രഭുൽ കുമാർ അവതരിപ്പിച്ച ഗരുഡഗർവ്വഭംഗം ഓട്ടൻതുള്ളലിൽ നിന്ന്