പാലക്കാട്: പൗരത്വ നിയമഭേദഗതിക്കെതിരെ പൗരാവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ പതിനായിരം പേരെ അണിനിരത്തിക്കൊണ്ട് പ്രതിഷേധജാഥ നടന്നു. എൺപതോളം മഹല്ലുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, മതസാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നായി 10000 ലധികം ആളുകൾ ജാഥയിൽ പങ്കെടുത്തു.

ഇന്നലെ വൈകീട്ട് നാലരയോടെ മഞ്ഞക്കുളത്തു നിന്നും ആരംഭിച്ച ജാഥ ടി.ബി റോഡ്, ബി.ഒ.സി റോഡ്, ജി.ബി റോഡ് വഴി സ്റ്റേഡിയം സ്റ്റാന്റിന് സമീപം സമാപിച്ചു.
തുടർന്ന് നടന്ന പൗരാവകാശ സംരക്ഷണ സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ടി.എ.അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എം.എം ഹമദ്, ഗോപിനാഥ്, അഹമ്മദ് കബീർ, കലീൽ റഹ്മാൻ, ഷാഫി ഫൈസി, എം.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.