ഒറ്റപ്പാലം: ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാകുന്നതിനെ തുടർന്ന് മീൻ വില്പന തേക്കിലയിലാക്കി പഴയ കാലത്തെ ഓർമ്മയിലേക്ക് തിരിഞ്ഞു നടക്കുകയാണ് ചെറുതുരുത്തി ദേശമംഗലം സ്വദേശി അലവി. ഇരുപത് വർഷമായി ഈ 52 കാരൻ മീൻ വില്പന തുടങ്ങിയിട്ട്. ഇതു തന്നെയാണ് ഏക വരുമാന മാർഗവും.
പ്ലാസ്റ്റിക്ക് നിരോധനത്തെ തേക്കിലകൊണ്ട് നേരിടുകയാണ് അലവി. മീൻ തൂക്കി തേക്കിലയിൽ പൊതിഞ്ഞാണ് നൽകുന്നത്. ദിവസവും അതിരാവിലെ ചെറുതുരുത്തി മാർക്കറ്റിൽ നിന്ന് ഒരുപെട്ടി മീൻ (25 കിലോ) എടുത്ത് ഷൊർണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് കടക്കും.
50 തേക്കില ദിവസവും ശേഖരിച്ച് വണ്ടിയിൽ വയ്ക്കും. പരിചയമുള്ള വീടുകളിൽ നിന്നാണ് ആവശ്യമായ തേക്കിലകൾ ശേഖരിക്കുന്നത്. ഷൊർണൂർ, ചുഡുവാലത്തൂർ, കവളപ്പാറ, കാരക്കാട്, താങ്ങാലി, മാന്നനൂർ, വാണിയംകുളം എന്നിങ്ങനെ 25 - 30 കിലോമീറ്റർ ദൂരം മീൻ വില്പനക്കായി ദിവസവും സഞ്ചരിക്കും. പ്ലാസ്റ്റിക് കവറാണെങ്കിൽ ദിനംപ്രതി 40 - 50 എണ്ണം ആവശ്യമായി വരും. ഇത്തരത്തിൽ മീൻ വില്പപനയിലൂടെ മാത്രം വലിയ തോതിൽ പ്ലാസ്റ്റിക്ക് കവറുകളാണ് വീടുകളിലെത്തുന്നത്. അത് ഒഴുവാക്കാൻ കഴിയുന്നതിൽ സന്തോഷം മാത്രമേയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.