കൂറ്റനാട്: വെള്ളിയാങ്കല്ല് പൈതൃക പാർക്കിന് മുന്നിലുള്ള പാതയോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ ജലവിഭവ വകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി അനധികൃത കച്ചവട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പാതയോരം കൈയേറിയുള്ള അനധികൃത കച്ചവടങ്ങളും നിർമ്മാണവും പൈതൃക പാർക്ക് സന്ദർശിക്കാനെത്തുനവർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ.
നിലവിൽ പത്ത് കടകൾക്ക് നോട്ടീസ് നൽകി. കൂടാതെ വൈകീട്ട് മാത്രം തുറക്കുന്ന കടകൾക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകുമെന്നും അധികൃതർ പറഞ്ഞു. വി.ടി.ബൽറാം എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വെള്ളിയാങ്കല്ല് അപ്രോച്ച് റോഡിൽ പാതയോര പാർക്കും നിർമ്മിക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെങ്കിലും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണം. തൃത്താല ഹൈസ്‌കൂളിന് മുൻവശത്തെ വെള്ളിയാങ്കല്ല് പാലം റോഡ് മുതൽ മംഗലംവളവ് വരെയുള്ള പാതയോരങ്ങളിലെ അനധികൃത കച്ചവടക്കാരെയാണ് ഒഴിപ്പിക്കുന്നത്. നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞുപോകാത്ത കച്ചവടക്കാരെ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ പി.കെ.ഷഫീഖ് റഹ്മാൻ പറഞ്ഞു.