മണ്ണാർക്കാട്: രാജ്യത്ത് പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായി യുവാക്കൾ മണ്ണാർക്കാട് നിന്നും കോഴിക്കോട്ടേക്ക് സൈക്കിൾ സവാരി നടത്തി. സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരായ എം.എ.ആഷിക്ക്, അജയ് കൃഷ്ണൻ, റിഷി എന്നിവരാണ് സൈക്കിളോടിച്ച് പ്രതിഷേധിച്ചത്. രാവിലെ ഏഴിന് നെല്ലിപ്പുഴയിൽ നിന്നും ആരംഭിച്ച സവാരി മണ്ണാർക്കാട് നഗരസഭ കൗൺസിലർ ഇബ്രാഹിം ഫ്‌ളാഗ് ഓഫ് ചെയ്തു.
പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക പൗരത്വ രജിസ്റ്റർ ബഹിഷ്‌കരിക്കുക എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് സവാരി നടത്തിയത്. തുടർന്ന് പെഡലേഴ്‌സ് ക്ലബ്ബ് കോഴിക്കോട് ബീച്ചിൽ നടത്തുന്ന ഐക്യദാർഢ്യ റാലിയിലും ഇവർ പങ്കെടുത്തു. തങ്ങളുടെ ഇഷ്ടവിനോദം സൈക്കിൾ സവാരിയായതുകൊണ്ടാണ് ഈ രീതിയിൽ പ്രതിഷേധിക്കുന്നതെന്ന് യുവാക്കൾ പറഞ്ഞു.