പാലക്കാട്: തിരക്കേറിയ സമയങ്ങളിൽ പാലക്കാട്‌ - ഷൊർണൂർ - പൊള്ളാച്ചി റൂട്ടുകളിൽ പാസഞ്ചർ തീവണ്ടികളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. നല്ല വരുമാനമുള്ള ഈ റൂട്ടുകളിൽ പാസഞ്ചർ ട്രെയിൻവേണമെന്നാവശ്യം പാസഞ്ചർ അസോസിയേഷനുകൾ നിരവധിതവണ ഉന്നയിച്ചെങ്കിലും റെയിൽവേ അധികൃതർ കേട്ടഭാവമില്ലെന്നാണ് ആക്ഷേപം. പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ 9 മണിക്കൂറോളം ട്രെയിനില്ല, ഷൊർണൂർ പാതയിലെ സ്ഥതിയും വ്യത്യസ്തമല്ല. ഈ സമയത്ത് രണ്ടുട്രെയിനുകൾ പാലക്കാട് ജംഗ്ഷനിൽ വെറുതെ കിടക്കാറുണ്ടെന്നും അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. യാത്രക്കാരുടെ ദുരിത്തിന് പരിഹാരം കാണാൻ സംസ്ഥാനത്തെ എം പി മാരും കേന്ദ്രമന്ത്രിയും റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

 ഫ്രീയായിട്ടുള്ള മെമു ഒന്നു ഓടിച്ചൂടേ...

മംഗലാപുരം - ചെന്നൈ (22638) വെസ്റ്റ് കോസ്റ്റ് ഷൊർണൂരിൽ നിന്ന് രാവിലെ 3.50ന് യാത്രതുടർന്നാൽ പിന്നെ രാവിലെ 8ന് ഷൊർണൂർ – കോയമ്പത്തൂർ (56604) പാസഞ്ചറാണുള്ളത്. പാലക്കാട് ജംഗ്ഷനിൽ നിന്ന് വൈകീട്ട് 5.55ന് കോയമ്പത്തൂർ – തൃശൂർ (566605) പാസഞ്ചർ പോയാൽ പിന്നെ ഷൊർണൂരിലേക്ക് 9.20നുള്ള ചെന്നൈ – മംഗലാപുരം (22637) വെസ്റ്റ്‌കോസ്റ്റ് മാത്രമേ ഉള്ളു. എറണാകുളം – പാലക്കാട് (66612) മെമു രാത്രി 7.25ന് പാലക്കാട്ടെത്തിയാൽ പിറ്റേന്ന് രാവിലെ 8.20വരെ ട്രാക്കിൽ വെറുതെ കിടക്കുകയാണ്. ഈ വണ്ടി രാത്രി പാലക്കാട് നിന്നും ഷൊർണൂരിലേക്കും രാവിലെ തിരിച്ചും സർവീസ് നിശ്ചയിക്കണമെന്നാണ് പാസഞ്ചർ അസോസിയേഷന്റെ ആവശ്യം. ജോലിക്കു പോകുന്നവർക്കും വിദ്യാർത്ഥികൾക്കും കച്ചവടക്കാർക്കും ഏറെ ഗുണംചെയ്യും. കൂടാതെ രാവിലെയും വൈകീട്ടും പാലക്കാട് ടൗൺ - കോയമ്പത്തൂർ മെമുവിനുള്ള കണക്ഷനായും ഈ സർവീസിനെ ഉപയോഗിക്കാം.


 ട്രിച്ചി – പാലക്കാട് പാസഞ്ചറിന്റെ സമയംമത്രം മാറ്റിയാൽ മതി

പൊള്ളാച്ചി പാതയിൽ ലാഭകരമല്ലെന്ന് പറഞ്ഞ് നിർത്തിയ പാലക്കാട് – ട്രിച്ചി – പാലക്കാട് പാസഞ്ചർ രാത്രി എട്ടരയ്ക്ക് പാലക്കാട്ടെത്തി പഴണിയിലേക്ക് പോയി രാവിലെ 6.25ന് മുമ്പായി പാലക്കാട്ടെത്തും വിധം ക്രമീകരിച്ചാൽ ഗുണകരമാവും.
നിലവിൽ രാവിലെ 4.10നുള്ള തിരുച്ചെന്തൂർ പാസഞ്ചറാണ് ഈ റൂട്ടിലെ ആദ്യ ട്രെയിൻ. 5.45ന് അമൃത മധുരയ്ക്ക് പോകും. പിന്നെ പകൽ 3.10നാണ് പൊള്ളാച്ചി – പഴണി – ദിണ്ഡിഗൽ വഴി ചെന്നൈ എക്‌സ്പ്രസ് പോകുന്നത്. തിരിച്ച് രാവിലെ ഒമ്പതിന് ചെന്നൈ –പാലക്കാട് (22651) എക്‌സ്പ്രസ് പൊള്ളാച്ചി വിട്ടാൽ വൈകിട്ട് 6.45ന് പൊള്ളാച്ചിയിലെത്തുന്ന അമൃതയാണ് പാലക്കാട്ടേക്കുള്ള മറ്റൊരു ട്രെയിൻ.