കൊല്ലങ്കോട്: കലുങ്കുനിർമ്മിക്കാൻ സ്ഥാപിച്ച താത്കാലിക സ്പീഡ് ബ്രേക്കറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്കുമറിഞ്ഞ് യുവാവ് മരിച്ചു. എലവഞ്ചേരി നമ്പുകുളം പരേതനായ നാരായണന്റെ മകൻ മണികണ്ഠൻ (30) ആണ് മരിച്ചത്. വട്ടേക്കാട്, വള്ളുവകുണ്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.

അപകടത്തിൽ തലക്ക് പരിക്കേറ്റ മണികണ്ഠനെ നെന്മാറ സി.എച്ച്.സിയിലും തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തി പകൽ രണ്ടിന് തൂറ്റിപ്പാടം വാതകശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. അമ്മ:രുഗ്മിണി. ഭാര്യ: രേഷ്മ. മകൻ: അർണവ് (ആറ് മാസം).