ചെർപ്പുളശ്ശേരി: നിത്യേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ചെർപ്പുളശ്ശേരി ബസ് സ്റ്റാന്റ് പരിമിതികൾക്ക് നടുവിൽ വീർപ്പുമുട്ടുന്നു. ബസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് സ്റ്റാന്റിലെ സൗകര്യങ്ങൾ മെച്ചപ്പെടാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ബസിറങ്ങുന്ന യാത്രക്കാർക്ക് നടക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം സ്വകാര്യ ബസ് പുറകിലേക്ക് നീങ്ങിയപ്പോൾ രണ്ടര വയസുള്ള കുഞ്ഞിനെ ഇടിച്ചു. നെല്ലായ മോതിരപ്പീടിയക്കൽ ഫാത്തിമ ഹനക്കാണ് പരിക്കേറ്റത്. പ്രായമായവരും കുട്ടികളും കുടുംബവുമായി സ്റ്റാന്റിൽ വന്ന് ബസിറങ്ങുന്നവരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
സ്റ്റാന്റിലേക്ക് ബസുകൾ അമിതവേഗതയിൽ പ്രവേശിക്കമ്പോഴും തിരിക്കുള്ളപ്പോഴും യാത്രക്കാർ ഇതിനിടയിൽ പെടാതിരിക്കാൻ നടത്തുന്ന സാഹസം പതിവ്കാഴ്ചയാണ്. ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കടകൾക്കു മുന്നിലാണ് യാത്രക്കാർ ബസുകാത്തു നിൽക്കുന്നത്. കിഴക്കുവശത്തായി ചെറിയ ഇരിപ്പിട സൗകര്യമുണ്ടെങ്കിലും യാതൊന്നിനും ഉറപ്പില്ല. കഴിഞ്ഞദിവസം നിർത്തിയിട്ട ഒരു ബസ് പുറകിലേക്കിറങ്ങി മതിൽ തകർത്ത് സമീപത്തെ ലോട്ടറി കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ഭാഗ്യം കൊണ്ടാണ് യാത്രക്കാരും ലോട്ടറിക്കടയിൽ ഉണ്ടായിരുന്നവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സംഭവം രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി.
ദീർഘദൂര ബസുകൾക്കു പുറമെ ഉൾ മേഖലകളിലേക്കുള്ള ബസ് സർവീസ് വർധിച്ചതോടെ സ്റ്റാന്റിൽ ബസുകളെ ഉൾക്കൊള്ളാനാവാത്ത സ്ഥിതിയുണ്ട്. ടൗണിൽ പുതിയ ബസ് സ്റ്റാന്റിന് നഗരസഭ പദ്ധതി വച്ചിട്ടുണ്ടെങ്കിലും പ്രാഥമിക നടപടികൾ പോലും ആയിട്ടില്ല. ബസ്റ്റാന്റ് വികസനം നീണ്ടു പോകുന്നത് പ്രതിഷേധത്തിന്നും ഇടയാക്കുന്നുണ്ട്.
ഫോട്ടോ: ചെർപ്പുളശ്ശേരി ബസ് സ്റ്റാന്റിൽ തലങ്ങും 'വിലങ്ങും ബസുകൾ പാർക്ക് ചെയ്തിരിക്കുന്നു