കൊല്ലങ്കോട്: ഓരോ പുതുവർഷവും കെ.ശിവദാസിന് സ്‌നേഹബന്ധങ്ങൾ പുതുക്കാനുള്ള വേദികൂടിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എഴുത്തുകാരനും കൊല്ലങ്കോട് വെസ്റ്റ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററുമായ ശിവദാസ് തന്റെ പ്രിയപ്പെട്ടവർക്ക് ആശംസാ കാർഡ് അയക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴും അത് മുടക്കമില്ലാതെ തുടരുന്നു. ആദ്യകാലത്ത് ഒറ്റയ്ക്കായിരുന്നു എഴുത്തും ചിത്രംവരയും, ഇപ്പോൾ കൂട്ടിന് ഭാര്യ രാധികയും മക്കളായ ആദ്യശ്രീയും ആദ്യാനന്ദുമുണ്ട്.

ലോകം എത്ര മാറിയാലും പോസ്റ്റൽ സർവീസ് ഉള്ളകാലംവരെയും ഈ പോസ്റ്റുമാസ്റ്റർ പ്രിയപ്പെട്ടവർക്ക് ആശംസകൾ എഴുതിയയച്ചുകൊണ്ടേയിരിക്കും. നൂറ് പേസ്റ്റ് കാർഡ് വാങ്ങി ചിത്രംവരച്ച് പ്രിയപ്പെട്ടവർക്ക് ആശംസകളറിയിച്ചാണ് തുടങ്ങിയത്. ചിത്രരചനയും എഴുത്തും ശീലമാക്കിയ രാധിക ജീവിതത്തിലേക്ക് എത്തിയതോടെ മട്ടുമാറി. ഇപ്പോൾ എല്ലാ വർഷവും അഞ്ഞൂറിലധികം കാർഡുകൾ അയക്കാറുണ്ട്. ഓരോ വർഷത്തിലെ കാർഡിലും ഓരോ സന്ദേശമാണെഴുതുക. ' save girl child' എന്നതാണ് ഇത്തവണത്തെ സന്ദേശം. പെൺകുട്ടികൾക്കെതിരെ അതിക്രമം വർദ്ധിച്ചുവരുന്ന വർത്തമാനകാലത്ത് അച്ഛനും കൂടിയായ ശിവദാസിന് ഇത് പറയാതിരിക്കാൻ കഴിയില്ലല്ലോ...

27 വർഷമായി ഈ യുവ സാഹിത്യകാരൻ തപാൽ വകുപ്പിൽ ജോലിയാരംഭിച്ചിട്ട്. നവമാധ്യങ്ങൾ പുതുതലമുറയെ കീഴടക്കിയപ്പോഴും തന്റെ പോസ്റ്റ്കാർഡ് കിട്ടിയെന്ന് പ്രിയപ്പെട്ടവർ അറിയിക്കുമ്പോഴുള്ള സന്തോഷം വാക്കുകൾക്കതീതമാണെന്ന് ശിവദാസ് പറയുന്നു.

എഴുത്തിന് പുറമേ ഗ്രന്ഥശാല പ്രവർത്തകനും പോസ്റ്റൽ യൂണിയൻ എൻ.എഫ്.പി.ഇയുടെ ഭാരവാഹിയുമാണ് ശിവദാസ്.