പാലക്കാട്: ജീവിതത്തിന്റെ മൈതാനത്ത് നിന്ന് ഇതുപോലൊരു അപ്രതീക്ഷിത ലോംഗ് വിസിൽ ധനരാജ് പ്രതീക്ഷിച്ചുകാണില്ല. കൈയടികളും ആർപ്പുവിളികളും മാത്രം മുഴങ്ങിക്കേട്ട സെവൻസ് മൈതാനത്തെ കണ്ണീരിലാഴ്ത്തി മരണത്തിന്റെ ഫൗൾപ്ലേ പ്രതിരോധിക്കാനാകാതെ ധനരാജ് വീണുപോയത് ഫുട്ബാൾ പ്രേമികൾക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല.
പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്ന്ഫുട്ബാൾ മൈതാനങ്ങളിൽ എതിരാളികളുടെ ചാട്ടുളിപോലെത്തെ നീക്കത്തെ പ്രതിരോധമതിൽ കെട്ടി തടഞ്ഞ താരം ഇനിയില്ല.
വിയർപ്പൊട്ടിയ ജേഴ്സിയിൽ ധൻരാജ് വിടവാങ്ങിയത് ജില്ലാ ആരോഗ്യവകുപ്പിൽ നിയമം ലഭിക്കാനിരിക്കെയാണ്. കുട്ടിക്കാലത്ത് പാലക്കാട്, കൊട്ടേക്കാട് ഗ്രാമത്തിലെ പാടത്തും പറമ്പിലും ഫുട്ബാൾ കളിച്ച് തുടങ്ങിയ ധനരാജ് 2004ൽ ടി.കെ.ചാത്തുണ്ണിയുടെ കൈപിടിച്ചാണ് വിവ കേരളയിലൂടെ പ്രൊഫഷണൽ ഫുട്ബാൾ ലോകത്തേക്ക് പന്തടിച്ച് കയറുന്നത്. പിന്നീട് വിവ വിട്ട് കാൽപ്പന്തുകളിയുടെ മെക്കയായ കൊൽക്കത്തയിലേക്ക്...ശേഷം മുഹമ്മദൻസിനും മോഹൻ ബഗാനും വേണ്ടി മൈതാനത്ത് പ്രതിരോധം തീർത്തു. കേരളത്തിനും ബംഗാളിനു വേണ്ടിയും സന്തോഷ് ട്രോഫിയിൽ ധനരാജ് ബൂട്ടണിഞ്ഞു. ശേഷം 2011ലാണ് സർക്കാർ ജോലിവാഗ്ദാനം നടത്തിയത്. സർക്കാർ ജോലി കാത്തിരുന്ന കായികതാരങ്ങളുടെ പട്ടികയിൽ കളിക്കളത്തും പുറത്തും സൗമ്യനായ ധനരാജ് ആദ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയായിരുന്നു കുഴഞ്ഞുവീണത്.
ധനരാജിന് സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഭാര്യ അർച്ചനയ്ക്ക് നൽകണമെന്ന് എം.എൽ.എയോടും വകുപ്പ് മന്ത്രിയോടും അഭ്യർത്ഥിച്ചിരിക്കുകയാണ് പരിശീലകനും സുഹൃത്തുകളും.