പാലക്കാട്: പ്രമുഖ ഫുട്ബാൾ പരിശീലകനായ ടി.കെ.ചാത്തുണ്ണിക്ക് ധൻരാജ് മൈതാനത്തെ പ്രിയശിഷ്യൻ മാത്രമല്ല സ്വന്തം മകനെപോലെയായിരുന്നു. അത്രയും ആത്മബന്ധമാണ് ഈ ഗുരുവും ശിഷ്യനും തമ്മിൽ. അതുകൊണ്ടാണ് ധൻരാജിന്റെ അകാലത്തിലുള്ള വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയാത്തത്.
മരണവാർത്ത അറിഞ്ഞതുമുതൽ ചാത്തുണ്ണി ഭാര്യയോടു പോലും ഒന്നുമിണ്ടാതെ മരവിച്ച അവസ്ഥയിലായിരുന്നു. ഇന്നലെ കൊട്ടേക്കാട് ധൻരാജിന്റെ വീട്ടിൽ മൃതദ്ദേഹം കാണാനായെത്തിയതോടെ അദ്ദേഹം വിങ്ങിപൊട്ടി. ധൻരാജ് ഒരു വർഷം മുമ്പ് കൊൽക്കത്തയിൽ വച്ച് നൽകിയ വാച്ചും കെട്ടിയാണ് ചാത്തുണ്ണി ശിഷ്യനെ അവസാനമായി കാണാനെത്തിയത്. ഒരു ഫുട്ബാൾ കളിക്കാരൻ എന്ന നിലയിൽ കളിക്കകത്തും പുറത്തും എന്റെ എല്ലാ ശിഷ്യമാരെക്കാളും ഏറ്റും നല്ല മനുഷ്യനായിരുന്ന ധൻരാജെന്ന് അദ്ദേഹം വിതുമ്പി കൊണ്ട് പറഞ്ഞു. മറ്റ് ശിഷ്യമാരേക്കാളും എന്തോ ഒരു ആത്മബന്ധം എനിക്കും അവനുമിടയിൽ ഉണ്ടെന്നും എന്റെ മനസിൽ നിന്ന് അവൻ എവിടേയ്ക്കും പോയിട്ടില്ലെന്നും അദ്ദേഹം മുറിഞ്ഞു മുറിഞ്ഞുപോയ വാക്കുകൾ തുന്നിക്കെട്ടി പറഞ്ഞവസാനിപ്പിച്ചു.