പാലക്കാട്: ഒറ്റയ്ക്കും കൂട്ടമായും ഇരുട്ടിനെ ഭയക്കാതെ ജില്ലയിലെ ഏഴുകേന്ദ്രങ്ങളിലായി 404 സ്ത്രീകൾ രാത്രി നടത്തത്തിൽ പങ്കെടുക്കാൻ നിരത്തിലിറങ്ങി. പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആരംഭിച്ച നടത്തം അഞ്ചു വിളക്കിലെത്തിച്ചേർന്നപ്പോൾ വലിയ കൂട്ടമായി മാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി പ്രതിജ്ഞ് ചൊല്ലിക്കൊടുത്തു. രാത്രി നടത്തത്തിലുണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞ്, കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിക്കുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്തുക, നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, പൊതുയിടങ്ങൾ അന്യമാകാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചത്. മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വനിതാ മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.
രാത്രി 11 മുതൽ ഏഴു മുനിസിപ്പാലിറ്റികളിലെയും തിരഞ്ഞെടുത്ത വഴികളിലൂടെയാണ് നടന്നത്. സംസ്ഥാനത്തൊട്ടാകെ നിർഭയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 'പൊതു ഇടം എന്റേതും' എന്ന പേരിൽ നടക്കുന്ന സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് രാത്രിനടത്തം സംഘടിപ്പിച്ചത്. ടൗൺസൗത്ത്, നോർത്ത് പോലീസ്, പിങ്ക് പട്രോളിങ്ങ്, ഹൈവേ പോലീസ്, എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നിരത്തുകളിൽ പ്രത്യേക നിരീക്ഷണവും നടത്തിയിരുന്നു


ഫോട്ടോ 3,4,) ;'പൊതു ഇടം എന്റേതും' എന്ന പേരിൽ സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച രാത്രിനടത്തത്തിൽ പങ്കെടുക്കുന്നവർ