പാലക്കാട്: ഫുട്‌ബാളിനെയും ആരവങ്ങളും ആർപ്പുവിളികളും മാത്രം മുഴങ്ങിക്കേൾക്കുന്ന സെവൻസ് മൈതാനങ്ങളെയും മാത്രം പ്രണയിച്ച മുൻ കേരള സന്തോഷ് ട്രോഫി താരത്തിന്റെ വിയോഗത്തിൽ വിതുമ്പലടക്കാനാവാതെ കൊട്ടേക്കാട് ഗ്രാമം. തങ്ങളുടെ പ്രിയ താരത്തെ യാത്രയാക്കാൻ ഒരുനാട് മുഴുവൻ ധൻരാജിന്റെ വീട്ടിലേക്ക് ഇന്നലെ ഒഴുകിയെത്തി.

ഞായറാഴ്ച രാവിലെ പെരിന്തൽമണ്ണയിൽ ഫുട്‌ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ സന്തോഷത്തോടെ പോയ ധനരാജിന്റേത് ഇനിയൊരിക്കലും തിരികെ വരാത്തയാത്രയായിരിക്കുമെന്ന് വീട്ടുകാരും കൂട്ടുകാരും അറിഞ്ഞില്ല. ധൻരാജിന്റെ ജീവനായ മലമ്പുഴ ടാലന്റ് ഫുട്ബാൾ ക്ലബിലെ വിദ്യാർത്ഥികളും പ്രിയ കോച്ച് ചാത്തുണ്ണിയും വിവിധ ക്ലബുകളിലെ സഹകളിക്കാരായിരുന്നവരും പ്രിയ താരത്തെ അവസാനമായൊന്നു കാണാൻ എത്തി.
ഇന്ത്യൻ താരം എൻ.ടി.പ്രദീപ്, കേരള താരമായിരുന്ന അനിൽകുമാർ, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായിരുന്ന സുശാന്ത് മാത്യു, എം.പി.സക്കീർ, സന്തോഷ് ട്രോഫി താരങ്ങളായ ജെസ്റ്റിൻ സ്റ്റീഫൻ, ലേണൽ തോമസ്, ദിനകർ പ്രേമപ്പ, എസ്.ബി.ടി താരങ്ങളായ സി.ഹാരിസ്, ബി.കബീർ, അനിൽകുമാർ, അബ്ദുൾ നൗഷാദ്, ഷബീർ അലി എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പ്രാദേശിക ക്ലബുകളിൽ കളിച്ചിരുന്ന ധനരാജിനെ വിവ കേരളയിലേക്ക് നയിച്ചത് പ്രിയ പരിശീലകൻ ചാത്തുണ്ണിയായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം 2.20നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നാല് മണിവരെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.പ്രേംകുമാർ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് വീട്ടിൽ നിന്ന് വിലാപ യാത്രയായി മരുതറോഡ് പഞ്ചായത്ത് മൈതാനത്തിലേക്ക് കൊണ്ടുപോയി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപ യാത്ര. അഞ്ചു മണിവരെ മൈതാനത്ത് പൊതുദർശനത്തിന് ശേഷം ചന്ദ്രനഗർ വൈദ്യുതി ശ്മമശാനത്തിൽ 5.30ന് സംസ്കരിച്ചു.