05binu

പത്തനംതിട്ട : കമ്പിയും മണലും സിമന്റും ഇല്ലാതെ പാലവും റോഡും കെട്ടിടങ്ങളും നിർമ്മിക്കുന്ന കാലമാണ് ഏനാത്ത് കൈതപ്പറമ്പ് എസ്.കെ സദനത്തിൽ ബിനു കെ. സാം എന്ന എൻജിനിയറുടെ സ്വപ്നം. കോൺക്രീറ്റിന് പകരം ഗ്രാഫൈറ്റ് അയൺ ഉപയോഗിക്കുക. കാർബൺ അഥവാ ഗ്രാഫൈറ്റ് ചേർത്ത് നിർമ്മിക്കുന്ന ഏറ്റവും ബലമുള്ള ഇരുമ്പാണിത്. ഈ ഇരുമ്പ് ഉരുക്കി ഒഴിച്ച് ആവശ്യമായ വലിപ്പവും ശക്തിയുമുള്ള പാളികൾ ആദ്യം വാർത്തെടുക്കുന്നു. ഇതിന് കാസ്റ്റിംഗ് എന്നാണ് പറയുന്നത്. കാസ്റ്റ് ചെയ്‌ത പാളികൾ പിന്നീട് കൂട്ടിച്ചേർത്ത് പാലവും കെട്ടിടങ്ങളും മറ്റും നിർമ്മിക്കാം. എസ്. ജി. ഐ (സ്‌ഫിറോയ്ഡൽ ഗ്രാഫൈറ്റ് അയൺ ) എന്നും ഡക്‌റ്റൈൽ അയൺ എന്നും അറിയപ്പെടുന്ന ഇരുമ്പ്

കോൺക്രീറ്റിനേക്കാൾ ഈട് നിൽക്കും.

പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൽ എൻജിനീയറാണ് ബിനു കെ. സാം. ഓട്ടോകാസ്റ്റ് ജനറൽ മാനേജർ പി.ഡി തോമസ് ബിനുവിന്റെ പ്രോജക്ട് അംഗീകരിച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിജയസാദ്ധ്യതയുള്ള പദ്ധതിയാണെന്ന് വിലയിരുത്തി. മുംബയ് ഐ.ഐ.ടിയിലും പഠനത്തിനായി അയച്ചിട്ടുണ്ട്.

കാലപ്പഴക്കം ചെന്ന പാലങ്ങൾ എസ്.ജി.ഐ കാസ്റ്റിംഗ് സങ്കേതത്തിൽ പുനർനിർമ്മിക്കാമെന്ന് ബിനു പറയുന്നു. കാസ്റ്റിംഗ് പാലത്തിന്റെ മാതൃകയും തയാറാക്കിയിട്ടുണ്ട്.

എസ്.ജി.ഐ

കാർബൺ ചേർത്ത് ബലപ്പെടുത്തിയ ഇരുമ്പ്.

ഉരുക്കിയ ഇരുമ്പിൽ മാംഗനീസ്, സിലിക്കൺ എന്നിവയും ചേർക്കും.

മഗ്നീഷ്യം ഉപയോഗിച്ച് സൾഫർ കത്തിച്ചു കളയുന്നതിനാൽ തുരുമ്പെടുക്കില്ല.

കാലപ്പഴക്കത്തിന്റെ കേടുപാടുകളില്ല. പൂർണമായും സുരക്ഷിതം.

പ്രകൃതി ചൂഷണമില്ല.

കപ്പലുകൾ പൊളിക്കുന്നതടക്കമുള്ള ഉരുക്ക് ഉപയോഗിക്കാം

ഓട്ടോകാസ്റ്റ് പോലെയുള്ള സ്ഥാപനങ്ങൾക്ക് നിർമ്മാണം ഏറ്റെടുക്കാം.

കോൺക്രീറ്റുമായി താരതമ്യം
കോൺക്രീറ്റ് ബ്ലോക്കുകൾ ചേർത്തുള എല്ലാ നിർമ്മാണങ്ങളും എസ്.ജി.ഐ ഉപയോഗിച്ചും നടത്താം.

ചെലവ് കൂടുതലെങ്കിലും ബലം കൂടുതൽ

അറ്റകുറ്റപ്പണി കുറവ്.

ഭാരം താങ്ങാനുള്ള ശേഷി കൂടുതൽ
എസ്. ജി.എെ നിർമ്മിതികൾ പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ ഇല്ല.

വീണ്ടും ഉപയോഗിക്കാം.

കോൺക്രീറ്റിംഗിലെ ക്രമക്കേട് നടക്കില്ല.

റോഡുകൾക്ക് ടാറിംഗ് മാത്രമാകും അധികമുള്ള ജോലി.

പാലവും തൂണുകളും ഭാഗങ്ങളായി നിർമ്മിച്ച് ഉറപ്പിക്കും.

കേട് പറ്റിയാൽ അവിടം മാത്രം മാറ്റാം.

അറ്റകുറ്റപ്പണിക്ക് പാലം അടയ്‌ക്കേണ്ട.

കോൺക്രീറ്റ് പോലെ നിർമ്മാണത്തിന് കാലതാമസം ഇല്ല.

ഫാക്ടറിയിൽ നിർമ്മിച്ച ഭാഗങ്ങൾ കൂട്ടിച്ചേർത്താൽ മതി

റോഡ്, പാലം നിർമ്മാണത്തിനായി ഗതാഗതം തടസപ്പെടുത്തേണ്ട.

ബലപരീക്ഷ

രണ്ട് ഇഞ്ച് കനമുള്ള എസ്.ജി.ഐ പാളിയിൽ 20 അടി ഉയരത്തിൽ നിന്ന് മൂന്ന് ടൺ ഭാരമുള്ള ഇരുമ്പുഗോളം വീഴ്‌ത്തിയും ടിപ്പർ, ടോറസ് വാഹനങ്ങൾ കയറ്റിയും ബലം പരീക്ഷിച്ചു.