പന്തളം:പഠിക്കാൻ വിദ്യാർത്ഥികൾ ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ആകുന്നില്ല.സർക്കാർ സ്‌കൂളുകളോട് പലയിടത്തും അവഗണന കാട്ടുമ്പോൾ പൂഴിക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിലെ സ്ഥിതി വ്യത്യസ്തമാണ്. അതിനാൽ ഈ സ്‌കൂളിൽ പഠിക്കാൻ വിദ്യാർത്ഥികൾക്കും പ്രിയം ഏറെയാണ്.പഠന മികവ് കാരണം 10കിലോമീറ്റർ ചുറ്റളവിൽ നിന്നു പോലുമുള്ള വിദ്യാർത്ഥികളെ ഇവിടെ വിടാൻ രക്ഷിതാക്കൾക്ക് താൽപര്യമാണ്.കുട്ടികളെ ഇരുത്തി പഠിപ്പിക്കുവാൻ വേണ്ടത്ര ക്ലാസ് മുറികളില്ലെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം.പൂഴിക്കാട് പ്രദേശത്തെ ഏക സർക്കാർ സ്‌കൂളാണിത്.1915ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ശതാബ്ദി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.പ്രീ പ്രൈമറി മുതൽ എഴാം ക്ലാസുവരെ 805 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.ഈ വർഷവും ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ചേർന്ന സ്‌കൂളാണിത്.നിരവധി പുരസ്കാരങ്ങളും സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്.ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച പണം ഉപയോഗിച്ചാണ് ക്ലാസ് മുറികൾ ഡിജിറ്റലാക്കിയതും സ്‌കൂൾ ബസ് വാങ്ങിയതും.പി.ടി.എ.സ്വരൂപിച്ച പണം കൊണ്ട് കഴിഞ്ഞ വർഷം ഒരു ബസുകൂടി വാങ്ങി. ഇതോടൊപ്പം ഓട്ടോറിക്ഷ ഉൾപ്പെടെ നാല് സ്വകാര്യ വാഹനങ്ങൾ കൂടി വാടകക്കെടുത്ത് വിദ്യാർത്ഥികൾക്ക് യാത്രയ്ക്കുവേണ്ടി ക്രമീകരിച്ചിട്ടുണ്ട്. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന പ്രൊഫ.പി.ജെ കുര്യന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപമുടക്കി മൂന്ന് ക്ലാസ് മുറികളും,പന്തളം നഗരസഭ അനുവദിച്ച എഴ് ലക്ഷവും മുടക്കി ചെയ്ത് ഓപ്പൺ എയർ ഓഡിറ്റോറിയവും പണിതു. ഇപ്പോൾ പൂർവവിദ്യാർത്ഥി സംഘടന രക്ഷാധികാരി കെ.പി.ചന്ദ്രശേഖരക്കുറുപ്പ്,പി.ടി.എ.പ്രസിഡന്റ് രമേശ് നാരായണൻ,സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.ജെ.പ്രദീപ് കുമാർ എന്നിവർ സ്‌കൂളിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

പൂഴിക്കാട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ

-10 കിലോമീറ്റർ ചുറ്റളവിൽ നിന്നും വിദ്യാർത്ഥികളെത്തുന്നു

-22 ക്ലാസ് മുറികൾ

-15 എണ്ണം ഡിജിറ്റൽ

മൊത്തം കുട്ടികൾ 805

പത്ത് ക്ലാസ് മുറിയും ഡെനിംഗ് ഹാളും പണിതാലേ വിദ്യാർത്ഥികൾക്ക് സൗകര്യമായി പഠിക്കാൻ കഴിയുകയുള്ളു.

ബി.വിജയലക്ഷ്മി

(ഹെഡ്മിസ്ട്രസ്)

വിദ്യാർത്ഥികൾക്ക് വേണ്ടത്..................

1. പഠിയ്ക്കാൻ ക്ലാസ് മുറികൾ വേണം

2. ഡൈനിംഗ് ഹാളും കളി സ്ഥലവുമില്ല