തിരുവല്ല: വഴി വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും തകരാറിലായതോടെ ടി.കെ.റോഡിലെ നെല്ലാട് ജംഗ്ഷനും പരിസരപ്രദേശങ്ങളും സന്ധ്യ മയങ്ങിയാൽ കൂരിരുട്ടിലാകും. തിരുവല്ല- കുമ്പഴ സംസ്ഥാനപാതയിൽ തിരക്കേറിയ കവലയായ നെല്ലാട്.രാത്രികാല അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഇരവിപേരൂർ പഞ്ചായത്തിന്റെ ചുമതലയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ മാസത്തോളമായി ഇത് പ്രവർത്തനരഹിതമാണ്. കല്ലിശേരി,ചെങ്ങന്നൂർ,ഓതറ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങളും ഇതുവഴിയാണ് ടി.കെ.റോഡിൽ പ്രവേശിക്കുന്നത്. ഇവിടുത്തെ പാടത്തുപാലം മുതൽ ഇരവിപേരൂർ പോസ്റ്റാഫീസ് പടിവരെ സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകളും നെല്ലാട് മുതൽ മുരിങ്ങശേരിഭാഗം വരെയും നെല്ലാട് മുതൽ മേതൃക്കോവിൽ ക്ഷേത്രം വരെയുമുള്ള വഴിവിളക്കുകളും പ്രകാശിക്കാതായിട്ട് നാളുകളായി.ജംഗ്ഷനിലെ രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. സന്ധ്യമയങ്ങിയാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധ ശല്യവുമുണ്ട്.സ്ത്രീകളും കുട്ടികളും ഭയത്തോടെയാണ് രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ ജംഗ്ഷനിലെ കാണിക്കവഞ്ചിയിലെയും കുരിശടിയിലെയും വെളിച്ചം മാത്രമേയുള്ളൂ. ശബരിമല സീസൺ ആരംഭിച്ചതോടെ വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഹൈമാക്സ് ലൈറ്റും വഴിവിളക്കുകളും പ്രകാശിപ്പിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ജില്ലാകളക്ടർക്ക് നിവേദനം നൽകി.

മഴക്കാലമായതിനാലാണ് കരാർ ജോലികൾ വൈകിയത്.ഡിസംബർ ആദ്യവാരം ഹൈമാസ്റ്റ് വിളക്കുകളും വഴിവിളക്കുകളും പ്രകാശിപ്പിക്കും
അനസൂയാദേവി
(ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്)