പത്തനംതിട്ട : ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് അഞ്ച് മാസമായി. ഫണ്ട് ലഭിക്കാത്തതാണ് കാരണം. ആദ്യം കേന്ദ്ര സർക്കാരിന്റെ അധീനതയിലായിരുന്ന ഡി.ആർ.ഡി.എ (ഡിസ്ട്രിക്ട് റൂറൽ ഡവലപ്‌മെന്റ് ഏജൻസീസ്) വിഭാഗം പിന്നീട് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ദാരിദ്ര്യ ലഘൂകരണ വിഭാഗമായി മാറുകയായിരുന്നു. ഇതിനുശേഷമാണ് കേന്ദ്രഫണ്ട് എത്തുന്നതിൽ തടസം ഉണ്ടാകുന്നത്. ഫണ്ട് ലഭിക്കാത്തതിനാൽ കെട്ടിടത്തിന്റെ വാടക പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. കറണ്ട് ബില്ല്, ടെലിഫോൺ ചാർജ് എന്നിവയൊന്നും മൂന്ന് മാസമായി അടയ്ക്കാൻ കഴിയുന്നില്ല. മൂന്ന് വാഹനവുമുണ്ട്. ഇവയുടെ അറ്റകുറ്റപ്പണികൾക്കോ ഇന്ധനത്തിനോ ആവശ്യമായ തുക പോലും ലഭിക്കുന്നില്ല.

17 ജീവനക്കാർ ഈ വിഭാഗത്തിൽ ജില്ലയിൽ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ 60 ശതമാനവും കേരള സർക്കാരിന്റെ 40 ശതമാനം വിഹിതവും ചേർത്താണ് ശമ്പളം ലഭിക്കുന്നത്. ഇവ രണ്ടും ഇപ്പോൾ കൃത്യമായി ലഭിക്കുന്നില്ല.

മേലധികാരികൾക്ക് യഥാസമയം ജോലി സംബന്ധമായ റിപ്പോർട്ട് നൽകിയാൽ മാത്രമേ കൃത്യസമയത്തിനുള്ളിൽ ഫണ്ട് പാസാകൂ. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് കാലതാമസത്തിന് കാരണം. ജീവനക്കാർ

പ്രവർത്തനം

കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് ദാരിദ്ര ലഘൂകരണ വിഭാഗത്തിൽ നടപ്പാക്കുന്നത്. പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന വഴി നടപ്പാക്കുന്ന റോഡ് പദ്ധതികൾക്ക് വേണ്ടി എൻജിനിയറിംഗ് വിഭാഗവും ഇവർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശമ്പളം കൃത്യമായി ട്രഷറി ബിൽ ബുക്ക് പ്രകാരം ഓരോ മാസവും ലഭിക്കാറുണ്ട്. എന്നാൽ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലുള്ളവരുടെ ശമ്പളം നേരിട്ട് ബാങ്കിലാണ് എത്തുന്നത്.

"ഗ്രാമവികസന കമ്മിഷണർക്ക് യഥാസമയം റിപ്പോർട്ടുകൾ നൽകാറുണ്ട്. ശമ്പളം മുടങ്ങുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഓഡിറ്റിംഗിലെ എന്തെങ്കിലും പ്രശ്‌നമാണോയെന്നും അറിയില്ല. കേന്ദ്രത്തിന്റെ ഫണ്ട് ഇപ്പോൾ ലഭിക്കുന്നില്ല. ഓണത്തിന് ശേഷം പൂർണമായും ശമ്പളം ലഭിച്ചിട്ടില്ല. ക്രിസ്മസിനെങ്കിലും ശമ്പളം കിട്ടുമെന്നാണ് പ്രതീക്ഷ."

ദാരിദ്ര ലഘൂകരണ വിഭാഗം അധികൃതർ

ജില്ലയിൽ

ജീവനക്കാർ : 17

ഒാഫീസ് കെട്ടിട വാടക (മാസം) : 27,000 രൂ