29inmsurance
ആരോഗ്യ ഇൻഷുറൻസ് കാർഡിനായി വന്നവരുടെ തിരക്ക്

പത്തനംതിട്ട : ആരോഗ്യ ഇൻഷുറൻസ് കാർഡിനായി (ആർ.എസ്.ബി.വൈ) തിരക്കേറുകയാണ്. നടക്കാൻ പോലും ആവതില്ലാത്തവരും വൃദ്ധരും നീണ്ട ക്യൂവിലാണ്. രണ്ടും മൂന്നും ക്യൂ ഉണ്ടെങ്കിലും നിരവധി പേരാണ് രാവിലെ മുതൽ കേന്ദ്രങ്ങളിൽ എത്തുന്നത്. മുൻപ് കുടുംബത്തിലെ ഒരാൾക്ക് കാർഡ് മതിയെങ്കിൽ ഇപ്പോൾ വീട്ടിലെ ഒരോരുത്തർക്കും പ്രത്യേകം കാർഡ് എടുക്കണം. ശനിയും ഞായറും ഒഴികെയുള്ള പ്രവർത്തി ദിനങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാം. എന്നാൽ എന്ന് വരെയാണ് പുതുക്കൽ തീയതി എന്ന് അന്വേഷിക്കുമ്പോൾ അടുത്ത ദിവസവും ഉണ്ടെന്നാണ് മറുപടി. അല്ലെങ്കിൽ അടുത്ത ആഴ്ച ഉണ്ടാകുമെന്ന് പറയും. കൃത്യമായ തീയതി അറിയാത്തതിനാൽ എല്ലാവരും രാവിലെ മുതൽ വന്ന് ക്യൂവിൽ നിൽക്കും. ചിലർ വൈകിട്ട് വരെ ക്യൂവിലുണ്ടാകും. സാധാരണക്കാരുടെ ചികിത്സയ്ക്ക് വേണ്ടി 2008 ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർ.എസ്.ബി.വൈ) രാജ്യത്തെ ബി.പി.എൽ കുടുംബങ്ങൾക്കായാണ് തയാറാക്കിയിരിക്കുന്നത്.

കേരളത്തിൽ എവിടെ വേണമെങ്കിലും കാർഡ് പുതുക്കാം. പുതിയ കാർഡിന് അക്ഷയ വഴി അപേക്ഷ നൽകണം.

 ജില്ലയിൽ ആർ.എസ്.ബി.വൈ കാർഡ് പുതുക്കാനുള്ള കേന്ദ്രങ്ങൾ

1.തിരുവല്ല താലൂക്ക് ആശുപത്രി

2.അടൂർ ജനറൽ ആശുപത്രി

3.റാന്നി താലൂക്ക് ആശുപത്രി

4.പത്തനംതിട്ട റിലയൻസ് ഓഫീസ്

(സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ)

ജില്ലയിൽ 1,54,553 കുടുംബങ്ങൾക്ക് ആർ.എസ്.ബി.വൈ കാർഡ് ലഭിച്ചിട്ടുണ്ട്

അഞ്ച് ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ഒരു പദ്ധതി കാലയളവിൽ ലഭിക്കുക.

 മാർച്ച് 31 വരെ കാർഡ് പുതുക്കാം. പത്തനംതിട്ട റിലയൻസിന്റെ ഓഫീസിൽ എപ്പോൾ വേണമെങ്കിലും കാർഡ് പുതുക്കാനുള്ള സൗകര്യം ഉണ്ട്.

"ഈ പ്രാവിശ്യം ആധാർ കാർഡ് ഉറപ്പായും വേണമെന്ന നിർബന്ധം ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും നിലവിൽ ഇല്ല. പത്തനംതിട്ടയിൽ എപ്പോൾ വേണമെങ്കിലും കാർഡ് പുതുക്കാനുള്ള സൗകര്യം ഉണ്ട്. കുടുംബത്തിൽ ഒരാൾക്ക് മാത്രമേ കാ‌ർഡ് ഉള്ളുവെങ്കിലും രോഗിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം കാർഡിന് അപേക്ഷിക്കാനുള്ള സൗകര്യം എല്ലാ ആശുപത്രിയിലും ക്രമീകരിച്ചിട്ടുണ്ട്. "

ടി.ആർ അഖിൽ

ജില്ലാ ആർ.എസ്.ബി.വൈ കോർഡിനേറ്റർ