കൂടൽ: കൂടൽ, പുന്നമൂട് പ്രദേശവാസികൾ ജനപ്രതിനിധികളോട് ചോദിക്കുന്നു, കൂടലിൽ നിന്ന് പയറ്റുകാല-അറ്റാഴിക്കോട്-പുന്നമൂട് റോഡിലൂടെ തങ്ങൾക്ക് എന്ന് സഞ്ചരിക്കാൻ പറ്റും?. പ്രദേശവാസികൾ റോഡിനായി വിട്ടുകൊടുത്ത സ്ഥലത്തെ ഒരു ഭാഗത്ത് പുല്ല് വളർന്നു കയറി. അറ്റാഴിക്കോട് നിന്ന് പുന്നമൂട്ടിലേക്കുളള ഭാഗം മഴ പെയ്താൽ വെളളക്കെട്ടാണ്. ഇവിടെ സംരക്ഷണ ഭിത്തി കെട്ടി റോഡിൽ മണ്ണിട്ട് ഉയർത്തണം. പുന്നമൂട്, അറ്റാഴിക്കോട് പ്രദേശവാസികൾക്ക് പയറ്റുകാല വഴി കൂടലിലേക്ക് എത്താനുളള എളുപ്പവഴിയാണ് റോഡ്. കൂടൽ കരിശുമൂട്ടിൽ നിന്ന് പയറ്റുകാല വരെ റോഡ് ടാർ ചെയ്തിട്ടുണ്ട്. നൂറ് മീറ്റർ കൂടി ടാർ ചെയ്തിരുന്നെങ്കിൽ അറ്റാഴിക്കോട്ടുകാർക്ക് കൂടലിലേക്ക് എത്താൻ എളുപ്പമായിരുന്നു. ടാർ ചെയ്യാത്ത ഭാഗമാണ് പുല്ല് വളർന്ന് നടന്നു പോകാൻ പോലും പറ്റാതെയായത്. അറ്റാഴിക്കോടിനെ പുന്നമൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന റോഡിനാണ് സംരക്ഷണഭിത്തി വേണ്ടത്. താഴ്ന്ന സ്ഥലമായ ഇവിടെ മഴ പെയ്താൽ എപ്പോഴും വെളളക്കെട്ടാണ്. ഇത് 500മീറ്ററോളം വരും. റോഡ് ശരിയാക്കത്തതുകാരണം കൂടലിൽ നിന്ന് അറ്റാഴിക്കോട് എത്താൻ ഗുരുമന്ദിരം വഴി വളഞ്ഞ് വരണം.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു
ജില്ലാ പഞ്ചായത്തംഗം ബിനിലാൽ മുൻകൈയെടുത്ത് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ റോഡ് ഉൾപ്പെടുത്തിയിരുന്നു. പ്ളാൻ ഫണ്ട് വിഹിതം സർക്കാർ വെട്ടിക്കുറച്ചപ്പോൾ റോഡിനുളള പദ്ധതിയും അവതാളത്തിലായി. കലഞ്ഞൂർ പഞ്ചായത്ത് എട്ടാം വാർഡിലാണ് റോഡ്. വാർഡ് അംഗം താേമസ് ഇൗപ്പന്റെ ശ്രമഫലമായി റോഡിനുളള 40ലക്ഷത്തിന്റെ പദ്ധതി ജില്ലാ പഞ്ചായത്തിന് വീണ്ടും സമർപ്പിച്ചിട്ടുണ്ട്.എന്നാൽ,പുന്നമൂട് വരെയുളള റോഡ് സംരക്ഷണഭത്തി കെട്ടി ഉയർത്തണമെങ്കിൽ ഒരു കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്.
റോഡ് ശരിയാക്കി കിട്ടിയിരുന്നെങ്കിൽ കൂടലിലേക്കുളള ദൂരം കുറഞ്ഞു കിട്ടുമായിരുന്നു. ജന പ്രതിനിധികൾ ഇതിനുളള ശ്രമം നടത്തണം.
എൻ.തങ്കപ്പൻ
(നാട്ടുകാരൻ)
റോഡ് മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യാൻ ജില്ലാ പഞ്ചായത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
തോമസ് ഇൗപ്പൻ
(വാർഡംഗം)
-കലഞ്ഞൂർ പഞ്ചായത്തിൽ 8-ാം വാർഡിൽ
-40 ലക്ഷത്തിന്റെ പദ്ധതി