അട്ടച്ചാക്കൽ: നിർമ്മാണം മുടങ്ങിയ അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിന്റെ പണികൾ വീണ്ടും ആരംഭിച്ചു. കോന്നി ഉപതിരഞ്ഞെടുപ്പിന് മുൻപ് വരെ തകൃതിയായി നടന്ന റോഡ് പണി മുടങ്ങിയ വാർത്ത കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അട്ടച്ചാക്കൽ മുതൽ ചിറത്തിട്ട ജംഗ്ഷൻ വരെയുള്ള നാലര കിലോമീറ്റർ നേരത്തെ ടാറിംഗ് നടത്തിയിരുന്നു. ബാക്കിയുള്ള ചെറത്തിട്ട ജംഗ്ഷൻ മുതൽ കുമ്പളാംപൊയ്ക വരെയുള്ള ഭാഗങ്ങളാണ് ഇനി ടാറിംഗ് നടത്താനുള്ളത്. ഈ ഭാഗങ്ങളിൽ മെറ്റൽ നിരത്തിയിരുന്നത് ഇളകി കാൽനടയാത്ര പോലും ദുസഹമാണ്. തടി ലോറികളും ക്രഷർ യൂണിറ്റിലെ വാഹനങ്ങളും നിരന്തരം കടന്നു പോകുന്നതിനാൽ പൊടിശല്യവും രൂക്ഷമാണ്. റോഡുപണി മുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ കോന്നി പി.ഡബ്ല്യു.ഡി അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചിരുന്നു. വാട്ടർ അതോറ്ററിയുടെ പൈപ്പുകളും കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും മാറ്റിയിടുന്ന പണികൾ നടക്കുന്നതിനാൽ റോഡ് പണികൾ മുടങ്ങിയെന്നാണ് പി.ഡബ്ലു.ഡി അധികൃതരുടെ വിശദീകരണം.
1.കോന്നി, റാന്നി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 13 കിലോമീറ്റർ റോഡ് കിഫ്ബിയിലുൾപ്പെടുത്തി 17 കോടി രൂപ മുതൽ മുടക്കിയാണ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ വികസിപ്പിക്കുന്നത്.
2. വലിയ വളവുകൾ നിവർത്തും വീതി കൂട്ടിയും ഓടകൾ നിർമ്മിച്ചും കലുങ്കുകൾ പുതുക്കി പണിതും ദിശാബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചുമാണ് റോഡ് നവീകരിക്കുന്നത്.